പിണറായിക്ക് ലഭിക്കുന്നത് ഡോ.പല്‍പ്പുവിനും ടി കെ മാധവനും സി കേശവനും കിട്ടിയ അതേ ആക്ഷേപം ; ജന്മഭൂമി കാര്‍ട്ടൂണിനെതിരെ അശോകന്‍ ചെരുവില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th December 2018 10:55 AM |
Last Updated: 24th December 2018 10:55 AM | A+A A- |
കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയ ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ കാര്‍ട്ടൂണിനെതിരെ എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍ രംഗത്ത്. ഡോ.പല്‍പ്പുവിനും സി വി കുഞ്ഞുരാമനും ടി കെ മാധവനും സി കേശവനും കിട്ടിയ അതേ ആക്ഷേപമാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും ലഭിക്കുന്നത്. ഇതിലൂടെ മുഖ്യമന്ത്രിയുടെ ചരിത്ര നിയോഗം വ്യക്തമാണെന്ന് അശോകന്‍ ചെരുവില്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബിജെപി മുഖപത്രമായ ജന്മഭൂമിയിലെ പോക്കറ്റ് കാര്‍ട്ടൂണ്‍ ആണിത്. ഈ കാര്‍ട്ടൂണ്‍ കേരളത്തിന്റെ അധസ്ഥിത മുന്നേറ്റചരിത്രത്തിലെ നിര്‍ണ്ണായകമായ മുഹൂര്‍ത്തങ്ങളെ എന്റെ മനസ്സിലേക്ക് കൊണ്ടുവരുന്നു.
വൈദ്യ ബിരുദമെടുത്ത് കൊട്ടാരത്തില്‍ മുഖം കാണിച്ചു മടങ്ങിയ ഡോ.പല്‍പ്പുവിന്റെ മുഖം. മലയാളി മെമ്മോറിയലിനു കിട്ടിയ മറുപടി. സമുദായത്തില്‍ നിന്ന് ഒന്നാമതായി ബി.എ. പാസ്സായ യുവാവിന് വെള്ളി കെട്ടിച്ച എല്ലിന്‍ കഷണം കൊടുത്തു എന്ന സി.കേശവന്റെ പരിഹാസം. ഡോ.പല്‍പ്പുവിനും സി.വി.കുഞ്ഞുരാമനും ടി.കെ.മാധവനും സി.കേശവനും കിട്ടിയ അതേ ആക്ഷേപം ഇന്നു പിണറായി വിജയനു ലഭിക്കുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ ചരിത്ര നിയോഗം വ്യക്തമാണ്.