'മല കയറും ശാസ്താവിനെ കാണും': ദര്‍ശനം നടത്താതെ മടങ്ങില്ലെന്നുറച്ച് യുവതികള്‍, അപ്പാച്ചിമേട്ടില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടുന്നു
By സമകാലികമലയാളം ഡെസ്‌ക് | Published: 24th December 2018 07:41 AM |
Last Updated: 24th December 2018 07:46 AM | A+A A- |

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്കുനേരെ അപ്പാച്ചിമേട്ടില്‍ പ്രതിഷേധം. അന്‍പതിലധികം ആളുകള്‍ സംഘടിച്ചാണ് യുവതികള്‍ക്കെതിരെ നാമജപപ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിനിടയിലും ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് യുവതികള്‍. യാതൊരുകാരണവശാലും തിരികെപോകില്ലെന്നും പ്രതിഷേധമുണ്ടായാലും മല കയറുമെന്നും ശാസ്താവിനെ കാണുമെന്നും യുവതികള്‍ പറഞ്ഞു. സുരക്ഷ ഒരുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
'എത്ര പ്രതിഷേധമുണ്ടായാലും മല കയറും. നിലയ്ക്കല്‍ എത്തിയാല്‍ സംരക്ഷണം ഒരുക്കാമെന്നത് മുഖ്യമന്ത്രിയുടെ വാക്കാണ്. യാതൊരുകാരണവശാലും തിരികെപോകില്ല. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംരക്ഷണം ഏര്‍പ്പെടുത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്', കൊയിലാണ്ടി
സ്വദേശിനി ബിന്ദു പറഞ്ഞു. തങ്ങളുടെ ആവശ്യം ഭരണഘടന വിധി നടപ്പാക്കുകയെന്നതും സ്ത്രീകളുടെ തുല്യഅവകാശം ഉറപ്പാക്കുകയുമാണെന്ന് ഇവര്‍ പറഞ്ഞു. പ്രതിഷേധം നടത്തുന്നവര്‍ നിയമലംഘനമാണ് നടത്തുന്നതെന്നും തങ്ങള്‍ നിയമം പാലിക്കുകയാണ് ചെയ്യുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവുമാണ് മലകയറുന്നത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. മലയിറങ്ങി വന്നവര്‍ ഇവര്‍ക്കുമുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. കൂടുതല്‍ പൊലീസ് അപ്പാച്ചിമേട്ടില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.