അപ്പാച്ചിമേട് പിന്നിട്ട് രണ്ട് യുവതികള്‍; സുരക്ഷയൊരുക്കി പൊലീസ്, ദര്‍ശനത്തിനെത്തിയത് കോഴിക്കോട്, മലപ്പുറം സ്വദേശിനികള്‍ 

പെരുന്തല്‍മണ്ണ സ്വദേശിനി കനകദുര്‍ഗ്ഗയും കോഴിക്കോട് കോയ്‌ലാണ്ടി സ്വദേശിനി ബിന്ദുവുമാണ് മലകയറുന്നത്
അപ്പാച്ചിമേട് പിന്നിട്ട് രണ്ട് യുവതികള്‍; സുരക്ഷയൊരുക്കി പൊലീസ്, ദര്‍ശനത്തിനെത്തിയത് കോഴിക്കോട്, മലപ്പുറം സ്വദേശിനികള്‍ 

പമ്പ: ശബരിമല ദര്‍ശനത്തിനായി യുവതികള്‍ മലകയറുന്നു. പെരുന്തല്‍മണ്ണ സ്വദേശിനി കനകദുര്‍ഗ്ഗയും കോഴിക്കോട് കോയ്‌ലാണ്ടി സ്വദേശിനി ബിന്ദുവുമാണ് മലകയറുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നീങ്ങുന്ന ഇവര്‍ അപ്പാച്ചിമേട് പിന്നിട്ടു. മരക്കൂട്ടം കഴിഞ്ഞാല്‍ ഇവര്‍ക്ക് സന്നിധാനത്തെത്താം. ഇതുവരെ യാത്രതടഞ്ഞ് പ്രതിഷേധക്കാരാരും എത്തിയിട്ടില്ല. പൊലീസ് സംരക്ഷണത്തിലാണ് ഇവര്‍ മലകയറുന്നത്.             

42ഉം 44ഉം വയസുള്ള യുവതികളാണ് മല കയറുന്നത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു.

ഇന്നലെ ചെന്നൈയില്‍ നിന്ന് മൂന്ന് സംഘമായി മനീതി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ യുവതികള്‍ മലകയറാന്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് ഇവര്‍ക്ക് മടങ്ങേണ്ടിവന്നിരുന്നു. മനീതി സംഘത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നാടകീയ രംഗങ്ങളാണ് ഇന്നലെ പമ്പയില്‍ അരങ്ങേറിയത്. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിന് ഒടുവില്‍ പൊലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് മനിതി സംഘത്തെ കൊണ്ടുപോകാനുളള ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. 

പ്രതിഷേധം കനത്തത്തോടെ മനിതി സംഘത്തെ സന്നിധാനത്തേയ്ക്ക് കൊണ്ടുപോകാനുളള ശ്രമത്തില്‍ നിന്ന് പൊലീസ് പിന്മാറുകയായിരുന്നു.ഇതിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. സുരക്ഷാ പ്രശ്‌നമുണ്ടെന്ന്‌പൊലീസ് ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ മധുരയിലേക്ക് തിരികെ പോകാന്‍ തീരുമാനിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com