ഒറ്റയ്ക്ക് പ്രവര്‍ത്തിച്ച് മുഖ്യമന്ത്രിയാകാമെന്ന് കരുതുന്നുണ്ടെങ്കില്‍ ആ തൊപ്പി ഊരിവെക്കണം ; ചെന്നിത്തലക്കെതിരെ ശങ്കരനാരായണന്‍

എനിക്ക് മീതെ ആരുമില്ലെന്ന് കരുതി പ്രവർത്തിക്കരുത്. അതിനുള്ള ഉയരമുണ്ടോ എന്ന് തിരിച്ചറിയണം. കുറേക്കൂടി കൂട്ടായി പ്രവർത്തിക്കാനുള്ള കഴിവ് വേണം
ഒറ്റയ്ക്ക് പ്രവര്‍ത്തിച്ച് മുഖ്യമന്ത്രിയാകാമെന്ന് കരുതുന്നുണ്ടെങ്കില്‍ ആ തൊപ്പി ഊരിവെക്കണം ; ചെന്നിത്തലക്കെതിരെ ശങ്കരനാരായണന്‍

തൃശൂർ: ഭരണകക്ഷിയെ എതിർക്കുകയാണ് പ്രതിപക്ഷത്തിന്റെ ചുമതല, എന്നാൽ ഭരിക്കാൻ വരേണ്ടി വരുമെന്ന ചിന്തയിൽ കൂടി വേണം വിമർശനം നടത്താനെന്ന് മുൻമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ ശങ്കരനാരായണൻ. വിമർശനം നിർമാണാത്​മകമാകണം. നല്ല ഉദ്ദേശവും അതിന്​  വേണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ നടന്ന കെ കരുണാകരൻ അനുസ്മരണ യോ​ഗത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരെടുത്ത് പറയാതെ ശങ്കരനാരായണന്റെ വിമർശനം.  

എനിക്ക് മീതെ ആരുമില്ലെന്ന് കരുതി പ്രവർത്തിക്കരുത്. അതിനുള്ള ഉയരമുണ്ടോ എന്ന് തിരിച്ചറിയണം. കുറേക്കൂടി കൂട്ടായി പ്രവർത്തിക്കാനുള്ള കഴിവ് വേണം. ഒറ്റക്ക്​ പ്രവർത്തിച്ച് മുഖ്യമന്ത്രിയാകാമെന്ന് കരുതുന്നുണ്ടെങ്കിൽ ആ തൊപ്പി ഊരി വെക്കണമെന്നും ശങ്കരനാരായണൻ പറഞ്ഞു. കരുണാകര​​ന്റെ ശിഷ്യനാണെന്നാണ് പറയാറ്​. ശിഷ്യരായതുകൊണ്ട് ഗുരുവി​ന്റെ ഗുണം കിട്ടില്ല. ഒരു ശതമാനം പോലും ഉള്ളതായി തോന്നുന്നുമില്ല. ഇരിക്കുന്ന കസേര ഏതാണെന്ന് അറിയണം. കസേരക്ക്​ അറിയില്ല ആരാണ് ഇരിക്കുന്നതെന്ന്. അതറിയുന്ന നേതാവായിരുന്നു കരുണാകരനെന്നും ശങ്കരനാരായണൻ പറഞ്ഞു. 

കെപിസിസി സെക്രട്ടറിമാർ എത്ര പേരുണ്ടെന്ന് കെപിസിസി പ്രസിഡൻറിന് പോലും അറിയാത്ത അവസ്​ഥയാണ്. ഡിസിസി ഭാരവാഹികൾ എത്രയുണ്ടെന്ന് ചോദിച്ചാൽ ഡിസിസി പ്രസിഡൻറിനും അറിയില്ല. സെക്രട്ടറിമാർ കൂടിയതുകൊണ്ട് ജയിക്കില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് തെളിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്ക് കിട്ടിയ അംഗീകാരം ഇന്നുള്ളവർക്ക് കിട്ടില്ല. ഇന്ന് ഗ്രൂപ്പ് പ്രവർത്തനം ഐസ്​ വെയിലത്ത് വെച്ചതുപോലെയാണെന്നും ശങ്കരനാരായണൻ തുറന്നടിച്ചു. 

വനിത മതിലിന്റെ ജീവൻ പത്ത് മിനിറ്റ് മാത്രമാണ്. അത് തനിയെ പൊളിഞ്ഞുപോകും. അതിനിത്ര സമയം ചെലവാക്കേണ്ട കാര്യമില്ലെന്നും ശങ്കരനാരായണൻ അഭിപ്രായപ്പെട്ടു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com