പണമൊന്നും വാങ്ങാതെ സ്‌നേഹപൂര്‍വം നല്‍കിയ നായ കടിച്ചു, കുട്ടികള്‍ക്ക് നേരെ അക്രമാസക്തനായി; ഉടമസ്ഥന്‍ തിരിച്ചെടുക്കണമെന്ന് ആവശ്യം;യുവാവ് പൊലീസ് സ്റ്റേഷനില്‍ 

വാങ്ങിയ നായ കടിച്ചതോടെ അതിനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി യുവാവ് രംഗത്തെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: വാങ്ങിയ നായ കടിച്ചതോടെ അതിനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി യുവാവ് രംഗത്തെത്തി. സ്‌നേഹപൂര്‍വം നായയെ നല്‍കിയ ആള്‍ അതിനെ തിരിച്ചെടുക്കാന്‍ വിസമ്മതിച്ചതോടെ പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചു. ഒടുവില്‍ പോലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് നായയെ ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് പ്രശ്‌നം പരിഹരിച്ചു.

നാദാപുരം ചേറ്റുവെട്ടി സുരേഷിന്റെ ജര്‍മന്‍ ഷെപ്പേര്‍ഡ് വിഭാഗത്തിലെ നായയെ ആണ് തൊട്ടില്‍പ്പാലം സ്വദേശിയായ കാനായിയില്‍ ലിഗേഷ് വാങ്ങിയത്. കണ്ട് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നായയെ വാങ്ങാന്‍ ലിഗേഷ് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പണമൊന്നും വാങ്ങാതെ സുരേഷ് നായയെ ലിഗേഷിന് കൈമാറി. എന്നാല്‍ വീട്ടിലെത്തിയതോടെയാണ് നായ വേണ്ടിയിരുന്നില്ല എന്ന തീരുമാനത്തില്‍ എത്തിയത്. 

വീട്ടിലെത്തിയപ്പോള്‍ നായ അക്രമസ്വഭാവം കാണിച്ചു. ലിഗേഷിനെ രണ്ടിടത്തായി കടിച്ചു പരിക്കേല്‍പ്പിച്ചു. കുട്ടികള്‍ക്ക് നേരെയും അക്രമാസക്തനായി.ഇതോടെയാണ് നായയെ തിരിച്ചെടുക്കണമെന്ന നിര്‍ദേശം ലിഗേഷ് മുമ്പോട്ടുവെച്ചത്. മൂന്നുവര്‍ഷം മുമ്പ് 2500 രൂപ മുടക്കി വാങ്ങിയ നായയാണെന്നും നാളിതുവരെ അക്രമസ്വഭാവം കാണിച്ചിട്ടില്ലെന്നും വിശദമാക്കിയ സുരേഷ്, സ്‌നേഹപൂര്‍വം നല്‍കിയ നായയെ തിരിച്ചെടുക്കുകയില്ലെന്നും നയം വ്യക്തമാക്കി.

നായയെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാട് സുരേഷ് സ്വീകരിച്ചതോടെ, ലിഗേഷ് പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. നായ വീട്ടിലെത്തിയതോടെ കുട്ടികള്‍ ഭയവിഹ്വലരായതായും അത് കടിച്ചതിനെ തുടര്‍ന്ന് കുത്തിവെപ്പ് എടുക്കുന്നതായും ലിഗേഷ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഓട്ടോയില്‍ പ്ലാസ്റ്റിക് കയറില്‍ കെട്ടിയാണ് നായയെ സ്‌റ്റേഷനില്‍ എത്തിച്ചത്. വിഷയത്തില്‍ ഇടപെട്ട പൊലീസ് സുരേഷിനെ അനുനയിപ്പിച്ച് നായയെ കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com