കാര്‍ട്ടൂണ്‍ വരച്ചയാള്‍ ഇനി വരയ്ക്കില്ല; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കാര്‍ട്ടൂണില്‍ ഖേദം പ്രകടിപ്പിച്ച് ജന്‍മഭൂമി

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് പോക്കറ്റ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ബിജെപി മുഖപത്രം ജന്‍മഭൂമി ഖേദം പ്രകടിപ്പിച്ചു.
കാര്‍ട്ടൂണ്‍ വരച്ചയാള്‍ ഇനി വരയ്ക്കില്ല; മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കാര്‍ട്ടൂണില്‍ ഖേദം പ്രകടിപ്പിച്ച് ജന്‍മഭൂമി


മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് പോക്കറ്റ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ബിജെപി മുഖപത്രം ജന്‍മഭൂമി ഖേദം പ്രകടിപ്പിച്ചു. അധിക്ഷേപകരമായ കാര്‍ട്ടൂണ്‍ വരച്ച ഗിരീഷ് മൂഴിപ്പാടം ഇനി  ജന്‍മഭൂമിയില്‍ വരക്കില്ലെന്ന് ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ വ്യക്തമാക്കി. 

ജന്‍മഭൂമിയുടെ ഖേദ പ്രകടന കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ: 

ദൃക്‌സാക്ഷി: ഗിരീഷ് മൂഴിപ്പാടം ഇനി വരയ്ക്കില്ല

ജന്മഭൂമിയില്‍ ദൃക്‌സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചിരുന്ന ശ്രീ ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയില്‍ വരയ്ക്കില്ല. കഴിഞ്ഞ ദിവസം അദ്ദേഹം വരച്ച കാര്‍ട്ടൂണും അതിലെ എഴുത്തും അപകീര്‍ത്തികരമായെന്ന വിമര്‍ശനങ്ങളെത്തുടര്‍ന്ന് ഇത് സംബന്ധിച്ച് അദ്ദേഹം നല്‍കിയ വിശദീകരണം, അത് പ്രാദേശികമായ പറച്ചിലും ശൈലിയുമാണെന്നാണ്. എന്നാല്‍, ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും ആ കര്‍ട്ടൂണും എഴുത്തും വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്‌തെങ്കില്‍ ജന്മഭൂമിക്ക് ആ കാര്‍ട്ടൂണിനൊപ്പം നില്‍ക്കാനാവില്ല. ഈ സാഹചര്യത്തില്‍ ശ്രീ ഗിരീഷിനോട് തുടര്‍ന്ന് ആ പംക്തിയില്‍ വരയ്‌ക്കേണ്ടെന്ന് നിര്‍ദ്ദേശിയ്ക്കുകയായിരുന്നു.  ഇങ്ങനെയൊരു വിവാദത്തിനിടയായതില്‍ ഖേദം രേഖപ്പെടുത്തുന്നു. ആ കാര്‍ട്ടൂണ്‍ മുന്‍നിര്‍ത്തി ഉയര്‍ന്ന വിവാദങ്ങള്‍ ഇതോടെ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു.

വനിതാ മതില്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയതിനെ കുറിച്ചായിരുന്നു കാര്‍ട്ടൂണ്‍. 'തെങ്ങു കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം' എന്ന കുറിപ്പോടെയാണ് ജന്‍മഭൂമി കര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രിയെ ജാതീയമായി അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനങ്ങളാണ് ബിജെപി മുഖപത്രത്തിന് നേരെ ഉയര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com