തൊഴിലുറപ്പ് പദ്ധതി: കേരളം സൃഷ്ടിച്ചത് 5.88കോടി തൊഴില്‍ ദിനങ്ങള്‍: മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നില്‍; അധിക തൊഴില്‍ ദിനങ്ങള്‍ അനുവദിക്കാതെ കേന്ദ്രം

സംസ്ഥാനത്തെ ദുരിതത്തിലേക്ക് തള്ളിവിട്ട പ്രളയകാലത്തേയും അതിജീവിച്ച് തൊഴിലുറപ്പ് പദ്ധതിയിലും ലക്ഷ്യംമറികടന്ന് കേരളം
തൊഴിലുറപ്പ് പദ്ധതി: കേരളം സൃഷ്ടിച്ചത് 5.88കോടി തൊഴില്‍ ദിനങ്ങള്‍: മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നില്‍; അധിക തൊഴില്‍ ദിനങ്ങള്‍ അനുവദിക്കാതെ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലേക്ക് തള്ളിവിട്ട പ്രളയകാലത്തേയും അതിജീവിച്ച് തൊഴിലുറപ്പ് പദ്ധതിയിലും ലക്ഷ്യംമറികടന്ന് കേരളം. മാര്‍ച്ച് 31നകം  5.5 ലക്ഷം  തൊഴില്‍ദിനം സൃഷ്ടിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. എന്നാല്‍, ഇത് മറികടന്ന് 5.88 കോടി തൊഴില്‍ദിനം സംസ്ഥാനം സൃഷ്ടിച്ചു. കേന്ദ്രം അംഗീകരിച്ച ലേബര്‍ ബജറ്റിന്റെ 106 ശതമാനം വരുമിത്. തൊട്ടടുത്ത തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ യഥാക്രമം  62, 87, 85 ശതമാനം തൊഴില്‍ദിനങ്ങളെ പൂര്‍ത്തിയായുള്ളൂ. 

 ബിജെപി ഭരിക്കുന്ന യുപിയാകട്ടെ  73 ശതമാനമാണ് തൊഴിലുറപ്പ് ലക്ഷ്യം കൈവരിച്ചത്.  കേരളം വര്‍ഷം ഒരുകോടി തൊഴില്‍ദിനം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍, മാര്‍ച്ച് 31നകം  ഒമ്പതുകോടി തൊഴില്‍ദിനം കടക്കും. ഈ നേട്ടത്തിനിടയിലും കേന്ദ്രഅവഗണനമൂലം 430 കോടിയുടെ വേതനകുടിശ്ശിക തൊഴിലാളികള്‍ക്ക് നല്‍കാനുണ്ട്.

നിലവില്‍ 13.44 ലക്ഷം കുടുംബങ്ങളാണ് ഈ സാമ്പത്തിക വര്‍ഷം പദ്ധതിയില്‍ പങ്കെടുത്തത്.  തൊഴിലാളികളുടെ എണ്ണം 15.17 ലക്ഷം. സൃഷ്ടിച്ച തൊഴില്‍ദിനങ്ങളില്‍ 90.36 ശതമാനവും ലഭിച്ചത് സ്ത്രീകള്‍ക്കാണ്. ദേശീയതലത്തില്‍ 236.41 കോടി തൊഴില്‍ദിനങ്ങളാണ് കേന്ദ്രത്തിന്റെ  ലേബര്‍ ബജറ്റ്. ഇതില്‍  5.5 കോടി തൊഴില്‍ദിനങ്ങളാണ് കേരളത്തിനായി അനുവദിച്ചത്. ഇതാണിപ്പോള്‍ മറികടന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം  ഓരോ വര്‍ഷവും തൊഴില്‍ദിനങ്ങളില്‍ വലിയ വര്‍ധനയാണുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലമായ 2014-15ല്‍  77.32 ശതമാനവും 2015-16ല്‍ 100.04 ശതമാനവുമായിരുന്നു തൊഴില്‍ദിനങ്ങള്‍. എന്നാല്‍, 2016–17ല്‍ ഇത് 113.5 ശതമാനവും 2017-18ല്‍ 137 ശതമാനവുമായി വര്‍ധിച്ചു.   ഈ സാമ്പത്തിക വര്‍ഷം 150 ശതമാനം കടക്കും.

അതേ സമയം, മികച്ചരീതിയില്‍ പദ്ധതി കേരളത്തില്‍ നടക്കുമ്പോഴും വേതനം അനുവദിക്കുന്നതില്‍ കേന്ദ്രം  അവഗണന തുടരുകയാണ്. നേരത്തെ 768 കോടിരൂപ കുടിശ്ശികയുണ്ടായിരുന്നിടത്ത് സര്‍ക്കാരിന്റെയും മന്ത്രി എ സി മൊയ്തീനിന്റെയും നിരന്തര ഇടപെടലിനെത്തുടര്‍ന്ന്  ഡിസംബര്‍ ആറിന് 508 കോടിരൂപ അനുവദിച്ചു. ഇതോടെ 268 കോടിരൂപ കുടിശ്ശികയായി. തുടര്‍ന്നുള്ള ദിവസങ്ങളുടേതുകൂടി കൂട്ടി നിലവില്‍ 430 കോടിരൂപയാണ് കുടിശ്ശിക. ഈ പണവും ഉടന്‍ അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുകയാണ്. 2016-17 ല്‍ സ്ഥിരമായി വേതനകുടിശ്ശിക വന്നതോടെ നിയമസഭ ഐക്യകണ്‌ഠേനെ പ്രമേയം പാസാക്കിയിരുന്നു.

പ്രളയം നേരിട്ട കേരളത്തിന് അധിക തൊഴില്‍ദിനം അനുവദിക്കണമെന്ന തൊഴിലുറപ്പ് ചട്ടവും കേന്ദ്രം കാറ്റില്‍പ്പറത്തി 100 തൊഴില്‍ദിനമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍, തൊഴിലുറപ്പ് പദ്ധതി നിയമപ്രകാരം പ്രകൃതിദുരന്തം ബാധിച്ച സംസ്ഥാനങ്ങള്‍ക്ക് 50 ദിവസം അധിക തൊഴില്‍ദിനം ലഭിക്കണം. എന്നാല്‍, കേരളം ആവശ്യപ്പെട്ടിട്ടുംഅനുവദിച്ചിട്ടില്ല. അതേസമയം, ഗുജറാത്തിലെ 35 ബ്ലോക്കില്‍ 50 ശതമാനം അധിക തൊഴില്‍ദിനം അനുവദിച്ചു. കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും  പട്ടികവര്‍ഗത്തില്‍പെട്ട കുടുംബങ്ങള്‍ക്ക് 100 അധിക തൊഴില്‍ദിനം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതുവരെ 108 കുടുംബങ്ങള്‍ 200 ദിവസം പൂര്‍ത്തിയാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com