നിലപാട് കടുപ്പിച്ച് പൊലീസ് ; ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ല ; ബിന്ദുവിന് ക്രിമിനല്‍ പശ്ചാത്തലം ; ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി

ശബരിമലയിലെത്തുന്ന പല യുവതികളുടെയും ലക്ഷ്യം പ്രശസ്തി മാത്രമെന്ന് പൊലീസ്
നിലപാട് കടുപ്പിച്ച് പൊലീസ് ; ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ല ; ബിന്ദുവിന് ക്രിമിനല്‍ പശ്ചാത്തലം ; ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി

ശബരിമല : ശബരിമലയിലെത്തുന്ന പല യുവതികളുടെയും ലക്ഷ്യം പ്രശസ്തി മാത്രമെന്ന് പൊലീസ്. ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ല. മണ്ഡലകാലത്തിന്റെ അവസാന ചടങ്ങുകളോടനുബന്ധിച്ച് തിരക്കുള്ള സാഹചര്യത്തില്‍ ഇത്തരത്തില്‍ വരുന്ന യുവതികളെ തിരിച്ചയക്കാന്‍ അനുവദിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. സന്നിധാനത്തിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

ശബരിമലയില്‍ തങ്ക അങ്കി ഘോഷയാത്രയും മറ്റന്നാള്‍ മണ്ഡല പൂജയും നടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങള്‍ മുതല്‍ ശബരിമലയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് തുടര്‍ന്നുള്ള ദിവസങ്ങളിലും തുടരും. ഈ സന്ദര്‍ഭത്തില്‍ യുവതികള്‍ എത്തുന്നത് കൂടുതല്‍ രൂക്ഷമായ പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചേക്കുമെന്നും റി്‌പ്പോര്‍ട്ടില്‍ പൊലീസ് സൂചിപ്പിക്കുന്നു. 

കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിന് എത്തിയ ബിന്ദുവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ബിന്ദു ഒട്ടേറെ കേസുകളിലെ പ്രതിയാണ്. ഇവരുടെ മലയാത്രക്ക് പിന്നില്‍ പ്രശസ്തി അടക്കം മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്നും സംശയമുണ്ട്. ശബരിമല ദര്‍ശനത്തിനെത്തുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള യുവതികളെ തിരിച്ചയക്കാന്‍ അനുവദിക്കണം എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ യുവതികളെത്തിയാല്‍ സ്ഥിതി ഗുരുതരമാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം ഇപ്പോള്‍ ശബരിമല ദര്‍ശനത്തിന് കഴിയില്ലെന്ന് ഇന്നലെ ദര്‍ശനത്തിനെത്തിയ യുവതികളായ കനകദുര്‍ഗയെയും ബിന്ദുവിനെയും പൊലീസ് അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായ ഇരുവരെയും പൊലീസ് ഓഫീസര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. ശബരിമല ദര്‍ശനത്തിന് പൊലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യുവതികള്‍ വീണ്ടും പൊലീസിന് കത്ത് നല്‍കിയിരുന്നു. തിരക്ക് ഒഴിഞ്ഞ സമയത്ത് ശബരിമല ദര്‍ശനം പരിഗണിക്കാമെന്ന് പൊലീസ് വ്യക്തമാക്കിയതായി യുവതികള്‍ സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com