മലയാറ്റൂരില്‍ 11,018 നക്ഷത്രങ്ങള്‍ ഇന്ന് മിഴി തുറക്കും; 'നക്ഷത്രത്തടാകം' വീക്ഷിക്കാന്‍ ആയിരങ്ങള്‍ അടിവാരത്തിലേക്ക് 

ക്രിസ്മസിനോടനുബന്ധിച്ച് മലയാറ്റൂര്‍ കുരിശുമുടി അടിവാരത്ത് മണപ്പാട്ടുചിറയില്‍ 'നക്ഷത്രത്തടാകം'  ഇന്ന് മിഴി തുറക്കും
മലയാറ്റൂരില്‍ 11,018 നക്ഷത്രങ്ങള്‍ ഇന്ന് മിഴി തുറക്കും; 'നക്ഷത്രത്തടാകം' വീക്ഷിക്കാന്‍ ആയിരങ്ങള്‍ അടിവാരത്തിലേക്ക് 

കൊച്ചി: ക്രിസ്മസിനോടനുബന്ധിച്ച് മലയാറ്റൂര്‍ കുരിശുമുടി അടിവാരത്ത് മണപ്പാട്ടുചിറയില്‍ 'നക്ഷത്രത്തടാകം'  ഇന്ന് മിഴി തുറക്കും. സന്ദര്‍ശകരെ പ്രതീക്ഷിച്ച് 11,018 നക്ഷത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ മെഗാ കാര്‍ണിവലും മറ്റുമായി പുതുവര്‍ഷം വരെ മലയടിവാരം ഇനി സന്ദര്‍ശകരെ കൊണ്ട് നിറയും. 

നക്ഷത്രത്തിന്റെ ആകൃതിയിലുള്ള 300 കിലോഗ്രാം കേക്ക് മുറിക്കുന്നതോടെയാണ് ഈ വര്‍ഷത്തെ കാര്‍ണിവല്‍ ആരംഭിക്കുക. 110 ഏക്കര്‍ വിസ്തൃതിയില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന മണപ്പാട്ടു ചിറയ്ക്കു ചുറ്റും വൈദ്യുത നക്ഷത്രങ്ങള്‍ തൂക്കിയാണ് മെഗാ കാര്‍ണിവല്‍ നടത്തുന്നത്. തടാകത്തില്‍ മ്യൂസിക് ഫൗണ്ടെയ്ന്‍, ബോട്ട് യാത്ര, കരയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, വിപണന മേള എന്നിവയും കാര്‍ണിവലിന്റെ ആകര്‍ഷണമാകും. 

ദിവസവും വിവിധ കലാപരിപാടികള്‍ അരങ്ങേറും. 60 അടി ഉയരത്തിലുള്ള പാപ്പാഞ്ഞി നക്ഷത്ര തടാകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. 31നു രാത്രി ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കും. പുതുവര്‍ഷ പുലരിയില്‍ പാപ്പാഞ്ഞിയെ കത്തിക്കും. തടാകത്തിനു നടുവില്‍ നക്ഷത്രത്തിന്റെയും അരയന്നത്തിന്റെയും ആകൃതിയിലുള്ള പ്ലോട്ടുകള്‍ നയനാന്ദകരമാണ്. തടാകത്തിന്റെ കരയിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി ദീപാലങ്കാരങ്ങളുണ്ട്

ത്രിതല പഞ്ചായത്തും മലയാറ്റൂര്‍ ജനകീയ വികസന സമിതിയും സംയുക്തമായാണു കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. 31 വരെ നടക്കുന്ന മെഗാ കാര്‍ണിവല്‍ ഇന്നു വൈകിട്ട് 6നു റോജി എം.ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com