സര്‍ക്കാര്‍ സ്ഥാപനം എന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്; നിക്ഷേപകരില്‍ നിന്ന് തട്ടിയത് 150 കോടിയോളം രൂപ

എറണാകുളത്ത് എംജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനത്തിന് സംസ്ഥാനത്ത് 28 ശാഖകളുമുണ്ടായിരുന്നു
സര്‍ക്കാര്‍ സ്ഥാപനം എന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്; നിക്ഷേപകരില്‍ നിന്ന് തട്ടിയത് 150 കോടിയോളം രൂപ

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനം എന്ന് തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനം നിക്ഷേപകരില്‍ നിന്നും 150 കോടിയോളം രൂപ തട്ടിയെടുത്തു. കേരള ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. 

എറണാകുളത്ത് എംജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനത്തിന് സംസ്ഥാനത്ത് 28 ശാഖകളുമുണ്ടായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചവരേയും, ഉടന്‍ വിരമിക്കാന്‍ ഇരിക്കുന്നവരേയുമാണ് ഈ സ്ഥാപനം ലക്ഷ്യം വെച്ചത്. വിരമിച്ചപ്പോള്‍ ലഭിച്ച തുക മുഴുവനായും ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചവരുമുണ്ട്. 

ഏജന്റ്മാര്‍ വഴി നിക്ഷേപകരെ കണ്ടെത്തിയായിരുന്നു തട്ടിപ്പ്. സര്‍ക്കാര്‍ സ്ഥാപനം എന്ന പ്രതീതിയാണ് ഇവര്‍ സൃഷ്ടിച്ചത്. തട്ടിപ്പിന് ഇരയായവര്‍ പരാതിയുമായി എത്തിത്തുടങ്ങിയതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 14 ശതമാനം വരെ പലിശ ആദ്യ മാസങ്ങളില്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് പലിശയമില്ല മുതലുമില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇതോടെ ഇവരില്‍ ചിലര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 

മുഖ്യമന്ത്രി പരാതി അന്വേഷണത്തിനായി എറാണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി. 30 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ടെന്നാണ് പൊലീസ് പറയുന്നത്. നൂറോളം പരാതികളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. അന്വേഷണത്തില്‍ സ്ഥാപനത്തിന്റെ ജനറല്‍ മാനേജര്‍ അറസ്റ്റിലായിട്ടുണ്ട്. മാനേജിങ് ഡയറക്ടര്‍ അടൂര്‍ സ്വദേശിയായ ജി.ഉണ്ണികൃഷ്ണന് വേണ്ടിയുള്ള തിരച്ചിലാണ് ഇപ്പോള്‍ നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com