ആചാര സംരക്ഷണത്തിനായി ഇന്ന് അയ്യപ്പ ജ്യോതി ; മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ 

പതിനാല് ജില്ലകളിലെ 97 കേന്ദ്രങ്ങളിലാണ് അയ്യപ്പ ജ്യോതി തെളിയിക്കുന്നത്. വൈകുന്നേരം 6 മുതൽ 6.30 വരെയാണ് പരിപാടി
ആചാര സംരക്ഷണത്തിനായി ഇന്ന് അയ്യപ്പ ജ്യോതി ; മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ 

കൊച്ചി : ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകീട്ട് നടക്കും. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറിനാണ് അയ്യപ്പ ജ്യോതി തെളിയിക്കല്‍. എന്‍എസ്എസ് ജ്യോതി തെളിയിക്കലിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 

പതിനാല് ജില്ലകളിലെ 97 കേന്ദ്രങ്ങളിലാണ് അയ്യപ്പ ജ്യോതി തെളിയിക്കുന്നത്. വൈകുന്നേരം 6 മുതൽ 6.30 വരെയാണ് പരിപാടി. സെക്രട്ടറിയറ്റിന് മുന്നിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള , ഒ.രാജഗോപാൽ എം.എൽ.എ, ശോഭാ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. കളിയിക്കാവിളയിൽ സുരേഷ് ഗോപി എം.പി. പങ്കെടുക്കും.

പത്തുലക്ഷം വിശ്വാസികള്‍ ജ്യോതിയില്‍ പങ്കാളികളാകുമെന്ന് സംഘാടകർ അറിയിച്ചു. കേരള അതിര്‍ത്തിയായ കളയിക്കവിളയില്‍ നിന്നാണ് ജ്യോതി തമിഴ്‌നാട്ടില്‍ പ്രവേശിക്കുക. ഇവിടെ സുരേഷ് ഗോപി എംപി ദീപം തെളിച്ച് സന്ദേശം കൈമാറും. ജ്യോതിയുടെ ഭാഗമായി തമിഴ്‌നാട്ടിലെ 65 നഗര ഗ്രാമ കേന്ദ്രങ്ങളില്‍ ജ്യോതിസംഗമം നടക്കും. വിദേശ രാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ഇന്നേദിവസം ജ്യോതി സംഗമങ്ങള്‍ നടക്കുമെന്ന് സംഘാടകർ പറഞ്ഞു. 

ശബരിമല പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ലിംഗനീതിക്ക് വേണ്ടിയുള്ള സര്‍ക്കാറിന്റെയും ഇടതുമുന്നണിയുടെയും വനിതാ മതിലിനെ പ്രതിരോധിക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ജ്യോതി തെളിയിക്കുന്നത്. വനിതാ മതിലിനെ കടുത്ത ഭാഷയില്‍ എതിര്‍ത്ത എന്‍ എസ് എസ് വിശ്വാസികള്‍ക്ക് ആവശ്യമെങ്കില്‍ ജ്യോതിയില്‍ അണിചേരാമെന്നാണ് നിലപാടെടുത്തത്. 

മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍, പിഎസ്‌സി ചെയര്‍മാനായിരുന്ന കെ എസ് രാധാകൃഷ്ണന്‍, സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല, മുൻ വനിതാ കമ്മീഷൻ അംഗം ജെ. പ്രമീളാ ദേവി, സിനിമാ താരം കൊല്ലം തുളസി, സംവിധായകൻ അലി അക്ബർ തുടങ്ങിയവര്‍ ജ്യോതിയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശബരിമല സമരത്തിന് വീര്യം കുറഞ്ഞെന്ന ആക്ഷേപം ജ്യോതി തെളിയിക്കലിലൂടെ മറികടക്കാമെന്നും സംഘപരിവാറും ബിജെപിയും കണക്കുകൂട്ടുന്നു. അതേസമയം ജ്യോതിയെ സിപിഎമ്മും കോണ്‍ഗ്രസും എതിര്‍ക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com