രാക്ഷസന്‍മാര്‍ അവശേഷിക്കും; അയ്യപ്പജ്യോതി തെളിയച്ചവര്‍ക്ക് കാല്‍തൊട്ട് വന്ദിച്ച് സുരേഷ് ഗോപിയുടെ പുതുവത്സരാശംസ

എന്റെ കുലത്തിന് നേര്‍ക്ക് വച്ച നിന്റെ ഒക്കെ കത്തിയുടെ മൂര്‍ച്ച മാത്രമല്ല, അതിന്റെ മുനയും പിടിയുമൊടിച്ച് ഇതാ ഞങ്ങള്‍ ധ്വംസിക്കുന്നു
രാക്ഷസന്‍മാര്‍ അവശേഷിക്കും; അയ്യപ്പജ്യോതി തെളിയച്ചവര്‍ക്ക് കാല്‍തൊട്ട് വന്ദിച്ച് സുരേഷ് ഗോപിയുടെ പുതുവത്സരാശംസ

തിരുവനന്തപുരം: ഭക്തിയുടെ സംസ്‌കാരം ഒരു ക്ഷുദ്രശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന വിളംബരമാണ് അയ്യപ്പജ്യോതിയെന്ന് സുരേഷ് ഗോപി എംപി. ഈ അയപ്പജ്യോതി ധര്‍മജ്യോതിയായി ഭാരതത്തില്‍ മുഴുവന്‍ തെളിഞ്ഞു. ഇത് ശക്തി തെളിയിക്കല്ല, ഒരു പ്രാര്‍ഥനയാണ്. അതിന് ഒരുപാട് ഉദ്ദേശങ്ങളുണ്ട്. കേരളത്തിന്റെ ഭക്തി ചരിത്രത്തില്‍ തന്നെ ആദ്യത്തെ മൂഹൂര്‍ത്തമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ നന്മയ്ക്കായി നമുക്ക് പ്രാര്‍ഥിക്കാം. നേരത്തെ, സൂചിപ്പിച്ച ചില ക്ഷുദ്രശക്തികളുടെ നിഷ്‌കാസനം ഈ ഭൂമിയുടെ തലത്തില്‍ തന്നെ സംഭവിക്കേണ്ടത് അനിവാര്യമാണ്. അവരുടെ നാശത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയാവട്ടെ ഈ ധര്‍മജ്യോതി എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും കളിയിക്കാവിളയില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതി പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ 97 കേന്ദ്രങ്ങളിലായിരുന്നു പരിപാടി.

'എന്റെ കുലത്തിന് നേര്‍ക്ക് വച്ച നിന്റെ ഒക്കെ കത്തിയുടെ മൂര്‍ച്ച മാത്രമല്ല, അതിന്റെ മുനയും പിടിയുമൊടിച്ച് ഇതാ ഞങ്ങള്‍ ധ്വംസിക്കുന്നു. ഇത് ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമല്ല മുഴുവന്‍ വിശ്വാസ സമൂഹങ്ങള്‍ക്ക് വേണ്ടിയാണ്. മനുഷ്യത്വം ഉള്ളവര്‍ മാത്രം വാഴുന്ന രാക്ഷസന്മാര്‍ ഒടുങ്ങുന്ന യുഗമായി മാറണമെന്ന് പ്രാര്‍ഥിക്കുന്നുവെന്നും' സുരേഷ് ഗോപി അറിയിച്ചു.

അയ്യപ്പജ്യോതി തെളിയിക്കാന്‍ വന്ന എല്ലാവരുടെയും കാല്‍ തൊട്ട് വന്ദിച്ച് എല്ലാവര്‍ക്കും ക്രിസ്തുമസ്‌നവവത്സര ആശംസകള്‍ നേരുന്നുവന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്.

എന്‍ എസ് എസ് പിന്തുണ കൂടി ലഭിച്ചതോടെ പരിപാടി വലിയ രാഷ്ട്രീയനേട്ടത്തിന് വഴിവയ്ക്കുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടല്‍. അയ്യപ്പ കര്‍മ്മ സമിതിയും ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും എന്‍എസ്എസും അയ്യപ്പജ്യോതി പ്രതിഷേധത്തിന് പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com