സഹികെട്ട സമൂഹത്തിന്റെ രോദനമാണ് അയ്യപ്പജ്യോതിയെന്ന് സെന്‍കുമാര്‍; പങ്കെടുത്ത് ആയിരങ്ങള്‍ 

വിശ്വാസ സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഒട്ടാകെ അയ്യപ്പ ജ്യോതി തെളിയിച്ചു
സഹികെട്ട സമൂഹത്തിന്റെ രോദനമാണ് അയ്യപ്പജ്യോതിയെന്ന് സെന്‍കുമാര്‍; പങ്കെടുത്ത് ആയിരങ്ങള്‍ 

തിരുവനന്തപുരം : വിശ്വാസ സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഒട്ടാകെ അയ്യപ്പ ജ്യോതി തെളിയിച്ചു. സര്‍ക്കാരിന്റെ വനിത മതിലിന് ബദലായി കാസര്‍കോട് ഹൊസങ്കടി മുതല്‍ കന്യാകുമാരി ത്രിവേണി സംഗമംവരെ സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. 

അയ്യപ്പജ്യോതി തെളിയിക്കുന്ന സമയത്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ചങ്ങനാശേരിയിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ച നടത്തി. അതേസമയം നിരവധി എന്‍എസ്എസ് അംഗങ്ങള്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തു. പലയിടത്തും മറ്റ് പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ പേര്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെ ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്തതായും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. കളിയിക്കാവിളയില്‍ സുരേഷ് ഗോപി എംപി അയ്യപ്പജ്യോതിക്ക് നേതൃത്വം നല്‍കിയപ്പോള്‍ ആറ്റിങ്ങലില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ തിരിതെളിയിച്ചു. സഹികെട്ട സമൂഹത്തിന്റെ രോദനമാണ് അയ്യപ്പജ്യോതിയെന്ന് സെന്‍കുമാര്‍ പറഞ്ഞു.

ബി.ജെ.പിയുടെയും എന്‍.എസ്.എസിന്റെയും പിന്തുണയോടെ നടന്ന പരിപാടിയില്‍ പത്ത് ലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. മഞ്ചേശ്വരം മുതല്‍  കളിയിക്കാവിള വരെ ഒരേ സമയത്താണ് അയ്യപ്പജ്യോതി തെളിയിച്ചത്. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ വനിത മതില്‍  പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അയ്യപ്പജ്യോതി എന്ന ആശയം ഉയര്‍ന്നുവന്നത്. ഇതിന് ബി.ജെ.പി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ബിജെപി, ശബരിമല കര്‍മ്മ സമിതി നേതാക്കള്‍ക്ക് പുറമെ പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍,  മുന്‍ വനിതാ കമ്മീഷന്‍ അംഗം ജെ പ്രമീളാ ദേവി, സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല, നടനും കലാകാരനുമായ മാടമ്പ് കുഞ്ഞിക്കുട്ടന്‍, പ്രൊഫസര്‍ എന്‍ സരസു, ഫാദര്‍ ജോസ് പാലപ്പുറം, സംവിധായകന്‍ അലി അക്ബര്‍ തുടങ്ങിയ പ്രമുഖര്‍ അയ്യപ്പ ജ്യോതിയുടെ ഭാഗമായി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com