'അടുത്തത് നീയാ... കേരളത്തിലെ പിളേളരുടെ ചുണ നോക്കിക്കോ, പൊന്നു ചങ്കുകളേ... നാണം കെടുത്തരുത്'; നേപ്പാള്‍ പൊലീസിനെ മറികടക്കാന്‍ കേരള പൊലീസ് 

പത്തുലക്ഷം ലൈക്ക് എന്ന നേട്ടത്തിന്റെ തൊട്ടരികിലാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്
'അടുത്തത് നീയാ... കേരളത്തിലെ പിളേളരുടെ ചുണ നോക്കിക്കോ, പൊന്നു ചങ്കുകളേ... നാണം കെടുത്തരുത്'; നേപ്പാള്‍ പൊലീസിനെ മറികടക്കാന്‍ കേരള പൊലീസ് 

കൊച്ചി: കുറിക്കുകൊളളുന്ന മുന്നറിയിപ്പുകള്‍ ട്രോളുകളായും മറ്റും പ്രചരിപ്പിച്ച് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് ഇതിനോടകം തന്നെ ജനകീയമായി കഴിഞ്ഞു. ശബരിമല വിഷയം കത്തിനിന്ന സമയത്ത് പൊലീസിന്റെ വിശദീകരണം, പ്രതികരണം എന്നിങ്ങനെ വ്യാഖ്യാനിക്കാവുന്ന തരത്തിലുളള നര്‍മ്മത്തില്‍ ചാലിച്ച പോസ്റ്റുകളെ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ മറ്റൊരു നേട്ടത്തിന്റെ അരികിലാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്.

പത്തുലക്ഷം ലൈക്ക് എന്ന നേട്ടത്തിന്റെ തൊട്ടരികിലാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്. നിലവില്‍ 9,59,000 ലൈക്കുകളാണ് പേജിനുളളത്. ഇനി ഈ രംഗത്ത് 13ലക്ഷത്തിലധികം ഫോളോവേഴ്‌സുളള നേപ്പാള്‍ പൊലീസിനെയാണ് കേരള പൊലീസ് നോട്ടമിട്ടിരിക്കുന്നത്. ന്യൂയോര്‍ക്ക് പോലീസിനെയും ക്യൂന്‍സ്ലാന്‍ഡ് പൊലീസിനെയുമൊക്കേ പിന്നിലാക്കി കുതിക്കുന്ന നമ്മുടെ പേജിന് മുന്നിലുള്ളത് ഇനി നേപ്പാള്‍ പൊലീസാണെന്ന് ഈ പേജിലുടെ തന്നെ കേരള പൊലീസ് അറിയിച്ചു.  

'ഏവര്‍ക്കും ഉപകാരപ്രദമാകുന്ന തരത്തില്‍, സൗഹാര്‍ദ്ദപരമായി നിര്‍ദ്ദേശങ്ങളും, മുന്നറിയിപ്പുകളും പൊതുജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഈ മാധ്യമത്തിലൂടെ കഴിയുന്നുവെന്നത് ഞങ്ങളെ സംബന്ധിച്ച് സന്തോഷകരമായ കാര്യമാണ്.  മെസ്സേജുകളിലൂടെ ഞങ്ങളുമായി സംവദിക്കുന്നവര്‍ക്കും എത്രയും വേഗം മറുപടി നല്‍്കാന്‍ ഞങ്ങള്‍ക്കാകുന്നുണ്ട്. ഞങ്ങളോടൊപ്പം നില്‍ക്കുന്ന നിങ്ങളുടെ കൂട്ടം കൂടും തോറും ഞങ്ങളുടെ സേവന മേഖലയുടെ വ്യാപ്തി വര്‍ധിക്കുന്നു എന്നത് ഓര്‍ക്കുക . ഒരുമിച്ചു തന്നെ നമുക്ക് മുന്നേറാം..' - ഫെയ്‌സ്ബുക്കില്‍ കേരള പൊലീസ് കുറിച്ചു.

കേരള പൊലീസിന് നല്‍കുന്ന പിന്തുണയില്‍ നന്ദി അറിയിച്ചും ഇനിയും അകമഴിഞ്ഞ് പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടും കേരള പൊലീസ് കുറിച്ച ഈ പോസ്റ്റും വൈറലായിരിക്കുകയാണ്.ചട്ടമ്പിനാട് എന്ന സിനിമയിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ ആസ്പദമാക്കിയുളള ട്രോളാണ് പൊലീസ് ഈ പോസ്റ്റിന് താഴെയായി നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com