അയ്യപ്പജ്യോതിയുടെ ഇരട്ടി ആളുകള്‍ വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് കാനം രാജേന്ദ്രന്‍

കോണ്‍ഗ്രസ് - ബിജെപി നിലപാട് കേരളത്തിന്റെ ഐക്യത്തിനെതിരാണ്. മനസ്സില്‍ സങ്കുചിതത്വം ഉള്ളവരാണ് വര്‍ഗീയ മതില്‍ എന്ന് പ്രചരിപ്പിക്കുന്നത്
അയ്യപ്പജ്യോതിയുടെ ഇരട്ടി ആളുകള്‍ വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: പുതുവര്‍ഷദിനത്തില്‍ സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ 50 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വനിതാ മതിലിന് കക്ഷിരാഷ്ട്രീയമില്ല. മതിലില്‍ അണിനിരക്കുന്നത് മനുഷ്യരാണ്. നവോത്ഥാന സംരക്ഷണത്തിന്റെ മതിലാണ് വനിതാ മതിലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസ് - ബിജെപി നിലപാട് കേരളത്തിന്റെ ഐക്യത്തിനെതിരാണ്. മനസ്സില്‍ സങ്കുചിതത്വം ഉള്ളവരാണ് വര്‍ഗീയ മതില്‍ എന്ന് പ്രചരിപ്പിക്കുന്നത്. വനിതാ മതിലിനെ പിന്തുണയ്ക്കാനും എതിര്‍ക്കാനും ഓരോ സംഘടനയ്ക്കും അവകാശമുണ്ട്. പക്ഷെ ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി സമദൂരമെന്ന് പറയരുതെന്നും കാനം പറഞ്ഞു. എല്‍ഡിഎഫ് അയ്യപ്പജ്യോതിയെ എതിര്‍ത്തിട്ടില്ല. വിശ്വാസത്തിന്റെ ഭാഗമായ പ്രതിഷേധ രൂപമായിട്ടേ കണ്ടിട്ടുള്ളു. അതിനെ രാഷ്ട്രീമായി കാണുന്നില്ല. അതിന്റെ എത്രയോ ഇരട്ടിയാളുകള്‍ വനിതാ മതിലില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ വനിതാ നേതാക്കളായ അരുണാ റോയ് കൊച്ചിയിലും ആനി രാജ തിരുവനന്തപുരത്തും പങ്കെടുക്കും. 

വളെര ആലോചിച്ചശേഷമാണ് നാല് പാര്‍ട്ടികളെ ഇടതുമുന്നണിയിലേക്ക് എടുക്കാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ അംഗീകാരം വാങ്ങി വിജയിച്ച ശേഷമാണ് അവരെ മുന്നണിയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബിജെപിയിലേക്ക് സിപിഐയില്‍ നിന്ന് ആരും പോകുന്നില്ല. ഇത് സംബന്ധിച്ച ശ്രീധരന്‍ പിള്ളയുടെ വാദത്തില്‍ കഴമ്പില്ല. എല്‍ഡിഎഫിന് പിന്തുണ നല്‍കി സികെ ജാനു കത്ത് നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫുമായി സഹകരിച്ചുപോകുന്ന കക്ഷിയാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും കാനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com