അയ്യപ്പജ്യോതിയ്ക്ക് നേരെ ആക്രമണം; ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് കര്‍മസമിതി

ആക്രമണത്തിന് എതിരേ സംസ്ഥാനത്തു പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും
അയ്യപ്പജ്യോതിയ്ക്ക് നേരെ ആക്രമണം; ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് കര്‍മസമിതി

കൊച്ചി; അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ഭക്തര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി വ്യാഴാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും. കാസര്‍ഗോഡും കണ്ണൂരുമാണ് അയ്യപ്പജ്യോതിക്ക് നേരെ വ്യാപക അക്രമമുണ്ടായത്. ഇതിനെതിരേ സംസ്ഥാനത്തു പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നു ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍.കുമാര്‍ അറിയിച്ചു.

അയ്യപ്പജ്യോതിയുടെ വിജയം കണ്ട് വിറളി പൂണ്ട മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഗുണ്ടകള്‍ പല സ്ഥലങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഭക്തര്‍ക്കെതിരെ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടു എന്നാണ് കുമാര്‍ പറയുന്നത്. 10 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പടെ 31 പേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. 

ശബരിമലയിലെ ആചാരഅനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണം എന്ന ആവശ്യവുമായാണ് സമര സമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പജ്യോതിസംഘടിപ്പിച്ചത്. പയ്യന്നൂര്‍ അടുത്ത് പെരുമ്പ, കണ്ണൂര്‍  കാസര്‍കോട് അതിര്‍ത്തിയായ കാലിക്കടവ്, കരിവെള്ളൂര്‍, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, തൃക്കരിപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ വ്യാപകമായ അക്രമമുണ്ടായി. 

കാസര്‍ഗോഡ് കണ്ണൂര്‍ അതിര്‍ത്തിയായ കാലിക്കടവ് ആണൂരില്‍ അയ്യപ്പ ജ്യോതിക്ക് പോയ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ പരിക്കേറ്റവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ കണ്ടോത്തും വാഹനത്തിനു നേരേ ആക്രമണം ഉണ്ടായി. കരിവെള്ളൂരില്‍ വച്ചും വാഹങ്ങള്‍ക്ക് കല്ലേറിഞ്ഞു. 

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണം എന്ന ആവശ്യവുമായാണ് ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും അയ്യപ്പജ്യോതി പ്രതിഷേധം സംഘടിപ്പിച്ചത്. കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ പ്രവര്‍ത്തകര്‍ ദീപം തെളിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com