ശബരിമലയില്‍ യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പ്പര്യമില്ലാത്തതിനാല്‍ ; ചട്ടമ്പികളുടെ ശരണം വിളികൊണ്ടല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം നോക്കലല്ല നിരീക്ഷണ സമിതിയുടെ ജോലി എന്നാണ് തന്റെ ബോധ്യം. ആ ബോധ്യത്തില്‍ ഉറച്ചുനില്‍ക്കുയാണ്
ശബരിമലയില്‍ യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പ്പര്യമില്ലാത്തതിനാല്‍ ; ചട്ടമ്പികളുടെ ശരണം വിളികൊണ്ടല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല : ശബരിമലയില്‍ യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് യാതൊരു താല്‍പ്പര്യവുമില്ലാത്തതിനാലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന്റെ അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും രണ്ടോ മൂന്നോ ചട്ടമ്പിമാര്‍ നിന്ന് സമരം നടത്തുന്നത് കൊണ്ടാണ് യുവതികളെ കയറ്റാതിരുന്നതെന്ന് ചിന്തിക്കരുത്. അത്തരം തെറ്റിദ്ധാരണയോ അഹങ്കാരമോ പാടില്ലെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ യുവതികളെ കയറ്റാനില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. സര്‍ക്കാരിന് താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍ നേരത്തെ തന്നെ യുവതികള്‍ ശബരിമലയില്‍ കയറിയേനെ. സര്‍ക്കാരിന്റെ ശക്തിയെ ഇങ്ങനെ കുറച്ചു കാണേണ്ടെന്നും മന്ത്രി പറഞ്ഞു. 

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിയുണ്ട്. ഈ വിധി നിലനില്‍ക്കുന്നിടത്തോളം കാലം യുവതികള്‍ക്ക് കടന്നുവരാന്‍ അവകാശമുണ്ട്. അത് നിലനില്‍ക്കുകയാണ്. അത് തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ല. അതിനാലാണ് ഏതാനും യുവതികള്‍ ദര്‍ശനത്തിനായി വന്നത്. ചിലര്‍ സുരക്ഷ തേടി മുഖ്യമന്ത്രിയെ സമീപിച്ചത്. എന്നാല്‍ അതിന് സാഹചര്യമുണ്ടോ, അവിടത്തെ അന്തരീക്ഷം തുടങ്ങിയവ രണ്ടാമതാണ്. ശബരിമലയെ ആക്ടിവിസം കാണിക്കാനുള്ള വേദിയാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

സുപ്രിംകോടതി വിധിക്കെതിരെ കോടതിയില്‍ ഏതാനും സംഘടനകള്‍ റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിന്റെ വിധി കൂടി വരട്ടെ. എന്നാല്‍ അതുവരെ ആരും വരണ്ട എന്നു പറയാന്‍ കഴിയില്ല. അത് അവരുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. മകരവിളക്ക് കഴിയുന്നത് വരെ ശബരിമലയില്‍ അനിഷ്ടകരമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നീക്കം ജനങ്ങളാകെ നടത്തുമെന്നാണ് വിചാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

സന്നിധാനത്തെ സമരഭൂമിയാക്കി, സംഘര്‍ഷകേന്ദ്രമാക്കുന്നത് തെറ്റാണെന്ന തോന്നലാണ് ബിജെപിയെ സമരവേദി മാറ്റാന്‍ പ്രേരിപ്പിച്ചതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സന്നിധാനത്തെ സംഘര്‍ഷ ഭൂമിയാക്കരുതെന്ന് തങ്ങള്‍ നേരത്തെ മുതല്‍ ആവശ്യപ്പെട്ടിരുന്നു. തുടക്കത്തില്‍ അവര്‍ കേട്ടില്ലെങ്കിലും കേരളത്തിലെ പൊതു വികാരം തിരിച്ചറിഞ്ഞ അവര്‍ സമരകേന്ദ്രം മാറ്റുകയായിരുന്നു. വൈകിയാണെങ്കിലും ആ വിവേകം ഉണ്ടായത് പിന്നീടുള്ള തീര്‍ത്ഥാടനം സമാധാനപരമായി നടക്കാന്‍ ഇടയാക്കിയെന്ന് മന്ത്രി പറഞ്ഞു. ശബരിമലയില്‍ പോകരുത്, കാണിക്കയിടരുതെന്ന് എന്നെല്ലാം രാജ്യം ഭരിക്കുന്ന പാര്‍ട്ടി അയല്‍ സംസ്ഥാനങ്ങളിലടക്കം പ്രചരിപ്പിച്ചു. അത് തുടക്കത്തില്‍ ഭക്തരുടെ വരവിലും, കാണിക്കയിലും കുറവുണ്ടാക്കിയിരുന്നു. 

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം നോക്കലല്ല നിരീക്ഷണ സമിതിയുടെ ജോലി എന്നാണ് തന്റെ ബോധ്യം. ആ ബോധ്യത്തില്‍ ഉറച്ചുനില്‍ക്കുയാണ് താന്‍. ശബരിമലയില്‍ എല്ലാ കാര്യത്തിലും തീരുമാനമെടുക്കാന്‍ പൂര്‍ണചുമതലപ്പെടുത്തിയാണ് സമിതിയെ കോടതി നിയോഗിച്ചിട്ടുള്ളത്. പരിണിതപ്രജ്ഞരായ രണ്ട് മുന്‍ ജഡ്ജിമാരും, ദീര്‍ഘകാലം ക്രമസമാധാനരംഗത്ത് പ്രവര്‍ത്തിച്ച പരിചയമുള്ള ഡിജിപിയുമാണ് സമിതിയിലുള്ളത്. സംഘര്‍ഷ സാഹചര്യത്തില്‍ ഉപദേശം നല്‍കാനും സമിതിക്ക് ബാധ്യതയുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യം മാത്രം നോക്കലാണ് സമിതിയുടെ ചുമതലയെന്ന് കോടതി വ്യക്തമാക്കിയാല്‍ തന്റെ ബോധ്യം തിരുത്താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. മകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com