പതിനെട്ട് വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളെ വനിതാമതിലില്‍ പങ്കെടുപ്പിക്കാന്‍ നീക്കം; സര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല 

സംസ്ഥാനത്ത് നവോത്ഥാനത്തിന് ഒരു കുഴപ്പവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പതിനെട്ട് വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളെ വനിതാമതിലില്‍ പങ്കെടുപ്പിക്കാന്‍ നീക്കം; സര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല 

തിരുവനന്തപുരം: സംസ്ഥാനത്ത് നവോത്ഥാനത്തിന് ഒരു കുഴപ്പവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇല്ലാത്ത കുഴപ്പങ്ങള്‍ ചൂണ്ടിക്കാണിച്ച് സമൂഹത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. അതുകൊണ്ട് തന്നെയാണ് ഇതിനെ വര്‍ഗീയ മതില്‍ എന്ന് പ്രതിപക്ഷം ആക്ഷേപിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഉദ്ദേശിച്ചാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നതെങ്കില്‍ ആദ്യം പ്രതിപക്ഷത്തെയല്ലേ യോഗത്തിന് ക്ഷണിക്കേണ്ടതെന്ന് ചെന്നിത്തല ചോദിച്ചു. നവോത്ഥാനം സൃഷ്ടിക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച് പാരമ്പര്യമുളള സംഘടനയാണ് കോണ്‍ഗ്രസ് എന്ന കാര്യം എന്തുകൊണ്ട് ഇവര്‍ മറന്നുപോയി. പകരം ചില ഹൈന്ദവസംഘടനകളെ മാത്രം വിളിച്ചുചേര്‍ത്ത് വനിതാമതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. അതിനാല്‍ ഇതില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

വനിതാമതിലുമായി ബന്ധപ്പെട്ട കോടതി നിര്‍ദേശങ്ങള്‍ പോലും കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പതിനെട്ട് വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളെ വനിതാമതിലില്‍ പങ്കെടുപ്പിക്കരുതെന്നാണ് കോടതി നിര്‍ദേശം. എന്നാല്‍ ഇത് പാലിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് അടക്കമുളള കാര്യങ്ങള്‍ ആലോചിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

വനിതാമതിലിന്റെ പേരില്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരെ പോലും കൊളളയടിക്കുകയാണ്. കുടുംബശ്രീ, അംഗന്‍വാടി പ്രവര്‍ത്തകരെ പോലും നിര്‍ബന്ധിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സെക്രട്ടറിയേറ്റ് പടിക്കലിലുളള ബിജെപി സമരത്തെ ശക്തിപ്പെടുത്തുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com