പ്രമുഖ നേതാവിന്റെ രൂപസാദൃശ്യം മറയാക്കി തട്ടിപ്പ് ; വരുതിയിൽ നിൽക്കാത്ത പൊലീസുകാരെ ഭീഷണിപ്പെടുത്തൽ ; ഒടുവിൽ പ്രതി കുടുങ്ങി

വെള്ളിക്കുളങ്ങര മോനൊടി സ്വദേശി എടക്കുടിയിൽ തോമസിനെയാണ് ക്രൈം സ്ക്വാഡ് എസ്ഐ വൽസകുമാർ അറസ്റ്റ് ചെയ്തത്
പ്രമുഖ നേതാവിന്റെ രൂപസാദൃശ്യം മറയാക്കി തട്ടിപ്പ് ; വരുതിയിൽ നിൽക്കാത്ത പൊലീസുകാരെ ഭീഷണിപ്പെടുത്തൽ ; ഒടുവിൽ പ്രതി കുടുങ്ങി

തൃശൂർ :  പ്രമുഖരുടെ പരിചയക്കാരനെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയിരുന്ന പ്രതി ഒടുവിൽ വലയിലായി. വെള്ളിക്കുളങ്ങര മോനൊടി സ്വദേശി എടക്കുടിയിൽ തോമസിനെയാണ് (50) ക്രൈം സ്ക്വാഡ് എസ്ഐ വൽസകുമാർ അറസ്റ്റ് ചെയ്തത്. 10 വർഷം മുൻപ് ചാലക്കുടി സ്വദേശിക്ക് മംഗലംഡാമിനു സമീപം 10 ഏക്കർ സ്ഥലം കുറഞ്ഞവിലയ്ക്കു വാങ്ങി തരാമെന്ന് വാഗ്ദാനം ചെയ്ത് 8 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 

സ്ഥലമിടപാടുകൾ കൂടാതെ ഇരുതലമൂരി, നക്ഷത്ര ആമ, വെള്ളിമൂങ്ങ, റൈസ് പുളളർ മുതലായവയുടെ പേരിലും ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ തട്ടിപ്പു നടത്തിയിരുന്നതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവിന്റെ രൂപസാദൃശ്യം തട്ടിപ്പുകൾക്ക് പ്രതി തോമസ് ഉപയോഗപ്പെടുത്തിയിരുന്നതായി പൊലീസ് അറിയിച്ചു.  പൊലീസിലെ ചിലരുടെ സഹായത്തോടെ വരുതിയിൽ നിൽക്കാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും തോമസിന്റെ പതിവായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. 

കർണാടകയിലെ സുള്ള്യയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. തോമസ് കേരളത്തിനു പുറത്താണെന്നു നാട്ടുകാരിലൊരാൾ നൽകിയ സൂചനയാണ് അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പൊലീസിനു പ്രേരണയായത്. സുള്ള്യയിൽ ഇയാളെ തേടിച്ചെല്ലുമ്പോൾ, തെലങ്കാനയിൽ ഇത്തരം ഇടപാടിനായി പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് ഈ ആവശ്യത്തിനെന്ന വ്യാജേന സമീപിച്ചാണ് തന്ത്രപൂർവം പ്രതിയെ പൊലീസ് വലയിലാക്കിയത്. വെള്ളിക്കുളങ്ങര, മാള സ്റ്റേഷനുകളിലും സമാനമായ കേസുകളിൽ തോമസ് പ്രതിയാണ്. പ്രതിയെ റിമാൻഡ് ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com