മറ്റ് പാര്‍ട്ടിയിലെ 18,600 പേര്‍ ബിജെപിയിലേക്ക്; കെപിസിസി അംഗങ്ങള്‍; സിപിഎം ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍; പട്ടികയുമായി പിഎസ് ശ്രീധരന്‍പിള്ള

 മൂന്ന് കെപിസിസി എക്‌സിക്യുട്ടീവ് അംഗങ്ങള്‍, സിപിഎം- സിപിഐ പാര്‍ട്ടിയിലെ ലോക്കല്‍ കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരുമായ പതിനാല് പേര്‍, സിഐടിയു ജില്ലാ നേതാക്കളും പാര്‍ട്ടിയിലെത്തും 
മറ്റ് പാര്‍ട്ടിയിലെ 18,600 പേര്‍ ബിജെപിയിലേക്ക്; കെപിസിസി അംഗങ്ങള്‍; സിപിഎം ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍; പട്ടികയുമായി പിഎസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള 18600 പേര്‍ ബിജെപിയിലെത്തുമെന്ന്
 പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. നാളെ തിരുവനന്തപുരത്ത് ചേരുന്ന നവാഗതരുടെ കൂട്ടായ്മയില്‍ പാര്‍ട്ടിയിലെത്തിയ പ്രമുഖ നേതാക്കന്‍മാര്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി നവാഗതരുടെ കൂട്ടായ് ഉദ്ഘാടനം ചെയ്യും.

മൂന്ന് കെപിസിസി എക്‌സിക്യുട്ടീവ് അംഗങ്ങള്‍, സിപിഎം- സിപിഐ എന്നീ പാര്‍ട്ടിയിലെ ലോക്കല്‍ കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരുമായ പതിനാലു പേരും, സിഐടിയു ജില്ലാ നേതാക്കളും  പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.  മറ്റുള്ളവരുടെ വിശദാംശങ്ങള്‍ നാളെ നേരില്‍ കാണാമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

ബിജെപിയെ സംബന്ധിച്ച് കേരളത്തില്‍ അഭുതപൂര്‍വമായ മുന്നേറ്റമാണ്. ആര് എന്തൊക്കെ കുപ്രചണരണം നടത്തിയാലും അത് മുന്നോട്ട് പോകുക തന്നെ ചെയ്യും. ഇതൊരു തുടക്കമാണ്, അവസരം വന്നാല്‍ മറ്റ് പ്രമുഖരും പാര്‍ട്ടിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടതുമുന്നണി അതിന്റെ വലിയ ജീര്‍ണാവസ്ഥയിലാണ്. എല്‍ഡിഎഫില്‍ പുതിയ കക്ഷികളെ കൂട്ടുന്നതിനെ ചോദ്യം ചെയ്യുന്നില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണ്. എന്നാല്‍ സിപിഎം എന്ന പാര്‍ട്ടി ഇത്രയേറെ അധപതിക്കാന്‍ പാടില്ല, ഐഎന്‍എല്‍ മുസ്ലീലീഗിനെക്കാള്‍ വലിയ വര്‍ഗീയ കക്ഷിയാണെന്ന അഭിപ്രായമായിരുന്നു ഇന്നലെ വരെ സിപിഎമ്മിന്. 1994 മുതല്‍ കഴിഞ്ഞ 25 വര്‍ഷമായി സിപിഎം അത് ആവര്‍ത്തിച്ചതാണ്. എന്നിട്ട് ഇപ്പോഴുള്ള നിലപാട് മാറ്റം അവരുടെ ഗതികേട് വ്യക്തമാക്കുന്നതാണ്. മറ്റൊന്ന് ബാലകൃഷ്ണപ്പിള്ളയെ മുന്നണിയിലെടുത്താതാണ്. അഴിമതിക്കുറ്റത്തിന് ജയിലില്‍ കിടന്ന ഏക രാഷ്ട്രീയ നേതാവാണ് ബാലകൃഷ്ണപിള്ള. അവരെ കൂട്ടാനും എല്‍ഡിഎഫും മടികാണിച്ചില്ല. ശിക്ഷിക്കപ്പെട്ട ആളെ കുട്ടുന്നതിന് എന്ത് ന്യായീകരണമാണ് സിപിഎമ്മിന് പറയാനുള്ളത്. സിപിഎം മുന്നോട്ടുവെക്കുന്ന നയങ്ങള്‍ പരാജയപ്പെട്ട് അടിക്കടി നിലപാട് മാറ്റേണ്ട ഗതികേടിലാണ്. അവര്‍ പറഞ്ഞ വലിയ സത്യങ്ങളെല്ലാം കുഴിച്ചുമൂടുകയാണ്. കേരളത്തില്‍ പിടിച്ചു നില്‍ക്കാനായി എല്ലാ മൂല്യങ്ങളും നഷ്ടപ്പെടുത്തുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com