ലൈക്ക് അടിക്കാന്‍ ഇടത്, ഡിസ് ലൈക്ക് അടിക്കാന്‍ സംഘപരിവാര്‍; വനിത മതില്‍ ഗാനത്തിന്റേ പേരില്‍ സൈബര്‍ പോരാട്ടം

പാട്ടിന് ലൈക്കും ഡിസ് ലൈക്കുമായി ഇടത്- സംഘപരിവാര്‍ അനുകൂലികള്‍ കളം നിറഞ്ഞതോടെ യൂട്യൂബ് പുതിയ രാഷ്ട്രീയ യുദ്ധത്തിന് സാക്ഷിയാവുകയാണ്
ലൈക്ക് അടിക്കാന്‍ ഇടത്, ഡിസ് ലൈക്ക് അടിക്കാന്‍ സംഘപരിവാര്‍; വനിത മതില്‍ ഗാനത്തിന്റേ പേരില്‍ സൈബര്‍ പോരാട്ടം

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിത മതില്‍ വനിത മതില്‍ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇടത്- സംഘപരിവാര്‍ അനുകൂലികള്‍ ചേരി തിരിഞ്ഞ് വനിത മതിലിന്റെ പേരില്‍ പോരാടുകയാണ്. സോഷ്യല്‍ മീഡിയയാണ് ഇവരുടെ പ്രധാന പോര്‍കളം. ഇപ്പോള്‍ വനിത മതിലിന്റെ ഗാനത്തിന്റെ പേരിലാണ് ഇരുകൂട്ടയും മത്സരിക്കുന്നത്. പാട്ടിന് ലൈക്കും ഡിസ് ലൈക്കുമായി ഇടത്- സംഘപരിവാര്‍ അനുകൂലികള്‍ കളം നിറഞ്ഞതോടെ യൂട്യൂബ് പുതിയ രാഷ്ട്രീയ യുദ്ധത്തിന് സാക്ഷിയാവുകയാണ്. 

ഈ മാസം 24 നാണ് മതിലിന്റെ ടൈറ്റില്‍ സോങ് പുറത്തുവന്നത്. ഗാനം യൂട്യൂബിലൂടെ പുറത്തുവന്നതിന് പിന്നാലെ ഡിസ്ലൈക്ക് പെരുകിയതോടെയാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ ഗാനത്തിന് ആയിരം ലൈക്ക് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഡിസ് ലൈക്കുകളുടെ എണ്ണം പതിനായിരം ആയി ഉയര്‍ന്നു. ഇതോടെ ഇടത് സഹയാത്രികര്‍ മത്സരം ഏറ്റെടുത്തു. 

വാട്ട്‌സ്ആപ്പിലൂടെയും മെസഞ്ചറിലൂടെയും ലൈക്കും ഡിസ്്‌ലൈക്കും അടിക്കാനുള്ള അഹ്വാനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്ന തിരക്കിലാണ് ഇരു കൂട്ടരും. ഇപ്പോള്‍ 36000 പേരാണ് ഗാനത്തിന് ലൈക്ക് അടിച്ചിരിക്കുന്നത്. 22000 പേര്‍ ഡിസ് ലൈക്കും അടിച്ചിട്ടുണ്ട്. 79,000 പേരാണ് ഇതുവരെ പാട്ട് കണ്ടത്. എന്തായാലും രാഷ്ട്രീയ പോര് പാട്ടിനെ വൈറലാക്കിയിട്ടുണ്ട്. 

ഉയരുയരുയരോ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സരിത റാം ആണ്. പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് മാത്യു ഇട്ടിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com