വയനാട്ടില്‍ തോക്കും കത്തിയുമായെത്തി മാവോയിറ്റുകള്‍ പോസ്റ്റര്‍ പതിച്ചു; മടങ്ങിയത് കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി

ബ്രാഹ്മണ്യ ഹിന്ദുത്വത്തെ കുഴിച്ച് മൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക എന്ന് എഴുതിയ പോസ്റ്ററുകളാണ് പതിച്ചത്
വയനാട്ടില്‍ തോക്കും കത്തിയുമായെത്തി മാവോയിറ്റുകള്‍ പോസ്റ്റര്‍ പതിച്ചു; മടങ്ങിയത് കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി

കല്‍പ്പറ്റ; വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തോക്കും കത്തിയുമായി എത്തിയ ഒമ്പതംഗ മാവോവാദി സംഘം ഹിന്ദുത്വത്തിന് എതിരേ പോസ്റ്ററുകള്‍ പതിപ്പിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. തലപ്പുഴക്കടുത്ത് പേര്യയില്‍ രാത്രി എട്ട് മണിയോടെ അയനിക്കല്‍ പി എസ് ഫിലിപ്പിന്റെ കടയിലാണ് സംഘം എത്തിയത്. കടയില്‍ നിന്ന് അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിയാണ് സംഘം മടങ്ങിയത്. 

ബ്രാഹ്മണ്യ ഹിന്ദുത്വത്തെ കുഴിച്ച് മൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക എന്ന് എഴുതിയ പോസ്റ്ററുകളാണ് പതിച്ചത്. കബനി ദളത്തിന്റെ ബുള്ളറ്റിനായ കാട്ടുതീയുടെ കോപ്പികളും നാട്ടുകാര്‍ക്ക് വിതരണം ചെയ്തത്.

മലയാളത്തിലാണ് സംഘത്തിലുള്ളവര്‍ സംസാരിച്ചത്. കടയിലുണ്ടായിരുന്ന വ്യക്തിയോട് പോസ്റ്ററിന്റെയും ലഘുലേഖയുടെയും ചിത്രം മൊബൈലില്‍ പകര്‍ത്താനും ആവശ്യപ്പെട്ടു. തൊട്ടടുത്ത തേയിലത്തോട്ടം ചൂണ്ടി കാട്ടി ഇത് നിങ്ങള്‍ക്ക് കയ്യേറി കൂടെയെന്നും സംഘം ഇവരോട് ചോദിച്ചു. 

സാധനങ്ങളുടെ പേരുകള്‍ എഴുതിയ കുറിപ്പുമായാണ് ഇവര്‍ കടയിലെത്തിയത്. ആവശ്യമായ സാധനങ്ങള്‍ എടുത്ത ശേഷം 1,200 രൂപ കടയുടമയ്ക്ക് സംഘം നല്‍കി. സാധാരണയായി ഞങ്ങള്‍ സാധനങ്ങള്‍ക്ക് പണം നല്‍കാറില്ലെന്നും നിങ്ങള്‍ സാമ്പത്തികം കുറഞ്ഞയാളായത് കൊണ്ടാണ് പണം നല്‍കുന്നതെന്ന് സംഘത്തില്‍ ഒരാള്‍ കടയുടമയോട് പറഞ്ഞു. എല്ലാവരുടെയും കയ്യില്‍ വലിയ തോക്കും കത്തിയും ഉണ്ടായിരുന്നു. 

മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരികരിച്ച കുഞ്ഞോം വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമാണ് അയനിക്കല്‍. ആദ്യമായാണ് ഈ പ്രദേശത്ത് മാവോയിസ്റ്റ് സംഘം എത്തുന്നത്. വിവരമറിഞ്ഞ് പോലീസും തണ്ടര്‍ബോള്‍ട്ടും അയനിക്കല്‍ പ്രദേശത്തെത്തി തിരച്ചില്‍ നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com