ശബരിമലയില്‍ മണ്ഡലപൂജ ഇന്ന് ; വന്‍ ഭക്തജനത്തിരക്ക് ; സുരക്ഷ ശക്തമാക്കി

മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്
ശബരിമലയില്‍ മണ്ഡലപൂജ ഇന്ന് ; വന്‍ ഭക്തജനത്തിരക്ക് ; സുരക്ഷ ശക്തമാക്കി

ശബരിമല : ശബരിമലയിലെ 41 ദിവസം നീണ്ടുനിന്ന മണ്ഡലകാലത്തിനസമാപനം കുറിച്ച് ഇന്ന് മണ്ഡലപൂജ നടക്കും. ഇന്ന് ഉച്ചയ്ക്കാണ് മണ്ഡല പൂജ. മണ്ഡലപൂജയ്ക്ക് ശബരിമല പ്രതിഷ്ഠയില്‍ തങ്കഅങ്കി ചാര്‍ത്തും. മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ഇന്നലെ സന്നിധാനത്തെത്തി.

ഇന്ന് വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. 

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഹൈക്കോടതി നിരീക്ഷകസമിതി അംഗങ്ങള്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ സന്നിധാനത്തുണ്ട്. മണ്ഡലകാലത്തിന്റെ  അവസാന ദിവസങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മണ്ഡല പൂജയോട് അനുബന്ധിച്ച് പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. 


ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെ ഇന്നലെ വൈകീട്ട് ആറരയോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിയത്. തങ്കഅങ്കിയോടൊപ്പം പന്തളം കുടുംബ പ്രതിനിധി ശശി കുമാര വര്‍മ്മ അകമ്പടി സേവിച്ചു. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഏറെ നാടകീയമായ സംഭവങ്ങള്‍ക്കാണ് ഇത്തവണ മണ്ഡലകാലം സാക്ഷിയായത്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനുമെന്ന പോലെ തന്നെ യുവതികള്‍ ദര്‍ശനത്തിനായി എത്തിയപ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇത്തവണയും ശബരിമല സാക്ഷ്യം വഹിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com