ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിക്കാന്‍ നാടകം കളിച്ച് മുങ്ങി; യുവാവിനെ കാമുകിയോടൊപ്പം മുംബൈയില്‍ നിന്ന് പൊക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th December 2018 05:25 AM |
Last Updated: 28th December 2018 05:25 AM | A+A A- |

കോഴിക്കോട്; നാട്ടുകാരെയും പൊലീസിനേയും കബളിപ്പിച്ച് നാടുവിട്ട യുവാവിനെ കാമുകിക്കൊപ്പം കണ്ടെത്തി. ഭാര്യയേയും എല്‍കെജി വിദ്യാര്‍ത്ഥിയായ മകനേയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം കടന്ന കോഴിക്കോട് കുറ്റിയാടി സ്വദേശി എസ്. സന്ദീപിനെയാണ് മുംബൈയില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. കര്‍ണാടകത്തില്‍ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും നാടകം പൊലീസ് പൊളിക്കുകയായിരുന്നു.
സന്ദീപിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. കോഴിക്കോട്ടെ ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ ഐ ബേര്‍ഡ് മാര്‍ക്കറ്റിംഗ് മാനേജരായിരുന്ന സന്ദീപ് അവിടെ ജോലി ചെയ്തിരുന്ന അശ്വനിയ്‌ക്കൊപ്പമാണ് നാടുവിട്ടത്. സന്ദീപിന് അപകടം സംഭവിച്ചിട്ടില്ലെന്ന് പൊലീസ് മനസിലാക്കിയതോടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും കണ്ടെത്തിയത്. യാത്ര പോവുകയാണെന്ന് പറഞ്ഞ് വീട് വിട്ട സന്ദീപിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇതോടെ ഒന്നരമാസം നീണ്ട തിരോധാന കഥയ്ക്കാണ് തിരശ്ശീല വീണത്.
നവംബര്‍ 24ന് പുലര്‍ച്ചെ ട്രക്കിംഗിനെന്നു പറഞ്ഞ് പാലാഴിയിലെ വീട്ടില്‍ നിന്നാണ് സന്ദീപ് കര്‍ണാടകയിലേക്ക് പോയത്. ബൈക്കിലായിരുന്നു യാത്ര. എന്നാല്‍ അടുത്ത ദിവസം മുതല്‍ സന്ദീപിനെ ഫോണില്‍ കിട്ടാതായി. രണ്ട് ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ ഷിജി നല്ലളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെയാണ് ശൃംഗേരി കൊപ്പ ഹരിഹര റൂട്ടിലെ കാനനപാതയില്‍ തുംഗഭദ്ര നദിക്കരയില്‍ സന്ദീപിന്റെ ബൈക്ക് കണ്ടെത്തിയത്. വാച്ചിന്റെ പൊട്ടിയ കഷണങ്ങളും മൊബൈല്‍ ഫോണും സമീപത്തുണ്ടായിരുന്നു. അവിടെ പിടിവലി നടന്നതിന്റെ ലക്ഷണവുമുണ്ടായിരുന്നു.
ഇതോടെ സന്ദീപ് അപായപ്പെട്ടിരിക്കാം എന്ന് വീട്ടുകാര്‍ സമ്മതിച്ചു. നല്ലളം പൊലീസ് മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്തോടെ നദിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അന്വേഷണം എങ്ങുമെത്താതെ നീങ്ങുമ്പോഴാണ് കോഴിക്കോട് തൊണ്ടയാട് സ്വദേശി അശ്വിനിയെ ഡിസംബര്‍ 10 മുതല്‍ കാണാനില്ലെന്ന പരാതി മെഡിക്കല്‍ കോളേജ് പൊലീസിന് ലഭിക്കുന്നത്.
അശ്വിനി കുറച്ച് കാലം സന്ദീപിനൊപ്പം ഐ ബേര്‍ഡില്‍ ജോലി ചെയ്തിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു. അശ്വിനിയുടെ ഫോണില്‍ അവസാനമായി വന്ന വിളി മുംബൈയില്‍ നിന്നാണെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി നടത്തിയ അന്വേഷണത്തില്‍ ഇരുവരും ഒരുമിച്ചുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു.
ഇരുവരെയും കണ്ടെത്തുകയായിരുന്നു പൊലീസിന്റെ അടുത്ത ദൗത്യം. താമസ സ്ഥലം പൊലീസ് കണ്ടെത്തിയതായി മനസിലായതോടെ ഇവര്‍ പഞ്ചാബിലേക്ക് മുങ്ങി. എന്നാല്‍, താനയില്‍ ഒരു ഫ്‌ളാറ്റിന് അഡ്വാന്‍സ് കൊടുത്തിട്ടുള്ളത് കണ്ടുപിടിച്ച പൊലീസ് ഫ്‌ളാറ്റ് ഉടമയെക്കൊണ്ട് സന്ദീപിനെ വിളിപ്പിച്ചു. ഫ്‌ളാറ്റ് നല്‍കാനാകില്ലെന്നും അഡ്വാന്‍സ് തിരികെ വേണമെങ്കില്‍ ഉടന്‍ എത്തണമെന്നും ഉടമയെക്കൊണ്ട് പറയിച്ചു. പണം വാങ്ങാന്‍ ബുധനാഴ്ച വൈകിട്ട് എത്തിയപ്പോഴാണ് നല്ലളം എസ്.ഐ പി. രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.