ഇത് സ്ത്രീശാക്തീകരണം ഉറപ്പാക്കാനുള്ള മികച്ച അവസരം; വനിതാ മതിലില്‍ പങ്കെടുക്കാന്‍ കനേഡിയന്‍ സംവിധായികയും 

ഇന്ത്യയില്‍ സ്ത്രീകളോടും മൃഗങ്ങളോടുമുള്ള പെരുമാറ്റത്തില്‍ പല സമാനതകളും കാണാന്‍ കഴിയും. ഇവിടെ ഇത്തരത്തിലൊരു മൂവ്‌മെന്റ് നടക്കുമ്പോള്‍ അത് ലോകമൊട്ടാകെ അലയടികള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഗീത 
ഇത് സ്ത്രീശാക്തീകരണം ഉറപ്പാക്കാനുള്ള മികച്ച അവസരം; വനിതാ മതിലില്‍ പങ്കെടുക്കാന്‍ കനേഡിയന്‍ സംവിധായികയും 

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതില്‍ ലില്‍ ഭാഗമാകാന്‍ കനേഡിയന്‍ സംവിധായിക സംഗീതാ അയ്യരും. കഴിഞ്ഞ നാല് വര്‍ഷമായി ആനകള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ സ്ഥിരം സന്ദര്‍ശകയാണ് സംഗീത. നാട്ടാനകളോടുള്ള ക്രൂരതകള്‍ക്കെതിരെ ഗോഡ്‌സ് ഇന്‍ ഷാക്കിള്‍ എന്ന ചലനചിത്രമൊരുക്കിയ സംഗീതയുടെ ജന്മനാട് പാലക്കാടാണ്.

ഡിസംബറിലെ കേരള സന്ദര്‍ശനത്തിനിടയിലാണ് വനിതാ മതിലിനേക്കുറിച്ചും അത് മുന്നോട്ടുവയ്ക്കുന്ന നവോത്ഥാന ആശയത്തെക്കുറിച്ചും സംഗീത അറിഞ്ഞത്. വനിതാ മതിലില്‍ പങ്കെടുക്കാനും സ്ത്രീകളുടെ ശാക്തീകരണത്തില്‍ പങ്കാളിയാകാനും താന്‍ പ്രചോദിതയാകുകയായിരുന്നെന്നാണ് സംഗീതയുടെ വാക്കുകള്‍.

ലിംഗസമത്വം, സ്ത്രീകളുടെയും മൃഗങ്ങളുടെയും അവകാശങ്ങള്‍ തുടങ്ങിയവ താന്‍ വളരെയധികം ശ്രദ്ധിക്കുന്ന വിഷയങ്ങളാണെന്നും ഇന്ത്യയില്‍ സ്ത്രീകളോടും മൃഗങ്ങളോടുമുള്ള പെരുമാറ്റത്തില്‍ പല സമാനതകളും കാണാന്‍ കഴിയുമെന്നും സംഗീത പറയുന്നു. സ്ത്രീശാക്തീകരണം ലോകമെമ്പാടും ഇപ്പോള്‍ അത്യാന്താപേക്ഷിതമായ ഒന്നാണെന്നും അതുകൊണ്ടുതന്നെ ഈ ആശയത്തെ രാഷ്ട്രീയപരമായി താന്‍ കാണുന്നില്ലെന്നും സംഗീത കൂട്ടിച്ചേര്‍ത്തു. 

ലോകത്തെല്ലായിടത്തും എല്ലാ കാര്യങ്ങളും രാഷ്ട്രീയ കണ്ണോടെയാണ് നോക്കികാണുന്നതു. വനിതാ മതിലിനെ വര്‍ഗ്ഗീയ മതില്‍ എന്ന് പഴിക്കുന്നതില്‍ എനിക്ക് അത്ഭുതമൊന്നുമില്ല. കാരണം തമ്മില്‍ കുറ്റങ്ങള്‍ കണ്ടെത്തുന്നതാണ് രാഷ്ട്രീയത്തിന്റെ പ്രകൃതം. വളരെയധികം ആദരിക്കപ്പെടുന്ന കവിയത്രി സുഗതകുമാരി വനിതാ മതിലിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. എന്നേ സംബന്ധിച്ച് അത് തന്നെ വലിയ കാര്യമാണ്. 

'ഓരോ ഇഷ്ടികകളും സിമന്റുകൊണ്ടുറപ്പിച്ച് ഒരു ശക്തമായ മതില്‍ തീര്‍ക്കുന്നതുപോലെ വനിതാ മതിലിനും ഒരു ദൃഢ ഐക്യം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. ബുദ്ധിമതികളും വിദ്യാസമ്പന്നരുമായ ഒരുപാട് സ്ത്രീകളെ കേരളത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ ഇത്തരത്തിലൊരു മൂവ്‌മെന്റ് നടക്കുമ്പോള്‍ അത് ലോകമൊട്ടാകെ അലയടികള്‍ സൃഷ്ടിക്കുമെന്നാണ് എന്റെ പ്രതീക്ഷ', സംഗീത കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com