എന്‍എസ്എസ് വീണ്ടു വിചാരം നടത്തണം ; ശബരിമലയില്‍ യുവതികള്‍ കയറേണ്ട എന്നത് വെള്ളാപ്പള്ളിയുടെ അഭിപ്രായം : മന്ത്രി സുധാകരന്‍

വനിതാ മതിലിനായി ഒരു രൂപ പോലും ആരില്‍ നിന്നും പിരിക്കില്ല. വനിതാ മതിലും ശബരിമല വിഷയവും തമ്മില്‍ ബന്ധമില്ല
എന്‍എസ്എസ് വീണ്ടു വിചാരം നടത്തണം ; ശബരിമലയില്‍ യുവതികള്‍ കയറേണ്ട എന്നത് വെള്ളാപ്പള്ളിയുടെ അഭിപ്രായം : മന്ത്രി സുധാകരന്‍

കോഴിക്കോട് : വനിതാ മതിലില്‍ എന്‍എസ്എസ് ഉള്‍പ്പെടെ സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ വീണ്ടു വിചാരം നടത്തണമെന്ന് മന്ത്രി ജി സുധാകരന്‍. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതിനാല്‍ അക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കില്ല. വനിതാ മതിലില്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ പിന്മാറണം. വനിതാ മതിലും ശബരിമല വിഷയവും തമ്മില്‍ ബന്ധമില്ല. ശബരിമലയില്‍ യുവതികള്‍ കയറേണ്ട എന്നു പറയുന്നത് വെള്ളാപ്പള്ളിയുടെ സ്വന്തം അഭിപ്രായമാണെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു. 

വനിതാ മതിലിനായി ഒരു രൂപ പോലും ആരില്‍ നിന്നും പിരിക്കില്ല. ഓരോ സംഘടനകളും വാഹനം ബുക്ക് ചെയ്യാനായി അവരില്‍ നിന്നുതന്നെയാണ് പൈസ പിരിക്കുന്നത്. ക്ഷേമ പെന്‍ഷനില്‍ നിന്നും നയാപൈസ പോലും എടുക്കേണ്ട കാര്യമില്ല. എന്തിനെന്നും മന്ത്രി ചോദിച്ചു. വനിതാമതിലിനായി ആരില്‍ നിന്നും നിര്‍ബന്ധിച്ച് പണപ്പിരിവ് നടത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. 

ക്ഷേമ പെന്‍ഷനില്‍ നിന്നും പാലക്കാട് ജില്ലയില്‍ നിര്‍ബന്ധിത പിരിവ് നടത്തിയെന്ന ആരോപണത്തില്‍ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിനെ മോശമാക്കാന്‍ വേണ്ടിയുള്ള നീക്കമാണിത്. ഇക്കാര്യം അന്വേഷിക്കും. പണപ്പിരിവ് വിഷയത്തില്‍ പാലക്കാട് ജില്ലാ നേതൃത്വം സ്വീകരിച്ച നിലപാട് ശരിയാണെന്നും മന്ത്രി കടകംപള്ളി അഭിപ്രായപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com