ബിജെപി സമരപ്പന്തലിലെത്തി ശോഭ സുരേന്ദ്രനെ കണ്ടു ; സെല്‍ഫിയെടുത്തു ; ലീഗ് നേതാവിനെ പുറത്താക്കി

ശബരിമല വിഷയത്തില്‍ നിരാഹാരസമരം നടത്തിവരുന്ന ബിജെപി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാവിനെതിരെ നടപടി
ബിജെപി സമരപ്പന്തലിലെത്തി ശോഭ സുരേന്ദ്രനെ കണ്ടു ; സെല്‍ഫിയെടുത്തു ; ലീഗ് നേതാവിനെ പുറത്താക്കി

കോഴിക്കോട് : ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തിവരുന്ന ബിജെപി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാവിനെതിരെ നടപടി.  മംഗല്‍പാടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഹാജിയെയാണ് തല്‍സ്ഥാനത്തു നിന്നും പുറത്താക്കിയത്. പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്.

യുവജനയാത്ര സമാപന ദിവസമാണ്, മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗ് ശക്തികേന്ദ്രമായ മംഗല്‍പാടി പഞ്ചായത്തില്‍ നിന്നുള്ള നേതാക്കളായ ബി.കെ. യൂസഫും മുഹമ്മദ് അഞ്ചിക്കട്ടയും ബിജെപി സമരപ്പന്തലിലെത്തി ശോഭ സുരേന്ദ്രനെ സന്ദര്‍ശിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം സജീവ ചര്‍ച്ചയായതോടെ നേതൃത്വത്തിനെതിരെ അണികളില്‍ നിന്നും പ്രതിഷേധം ശക്തമായി. ഇതോടെയാണ് നടപടി എടുക്കാന്‍ പാര്‍ട്ടി തയ്യാറായത്. 

വാര്‍ഡ് കമ്മിറ്റി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലെ തീരുമാനം പഞ്ചായത്ത് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പുതിയ ആക്ടിംഗ് പ്രസിഡന്റായി സീനിയര്‍ വൈസ് പ്രസിഡന്റ് യു കെ ഇബ്രാഹിം ഹാജിയെ തെരഞ്ഞെടുത്തു. നേരത്തെ വനിതാ മതിലിനെ പിന്തുണച്ചതിന് അഡ്വ. ഷുക്കൂറിലെ ലീഗ് പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ബിജെപി സമരപ്പന്തലിലെത്തി ശോഭ സുരേന്ദ്രനൊപ്പം സെല്‍ഫിയെടുത്ത നേതാവിനെതിരെ ചെറിയ നടപടി മാത്രമെടുത്തതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com