റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകള്‍ ആറുലക്ഷം; വീടുകളില്‍ നേരിട്ടെത്തി പരിശോധന; അനര്‍ഹരെ ഒഴിവാക്കും

സബ്‌സിഡി ലഭിക്കുന്ന മൂന്നുലക്ഷമുള്‍പ്പെടെ ആറുലക്ഷത്തോളം കുടുംബങ്ങളാണ് നവംബര്‍മാസത്തെ റേഷന്‍ വിഹിതം വാങ്ങിയില്ലെന്നാണ് കണക്ക്
റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകള്‍ ആറുലക്ഷം; വീടുകളില്‍ നേരിട്ടെത്തി പരിശോധന; അനര്‍ഹരെ ഒഴിവാക്കും

തിരുവനന്തപുരം: മുന്‍ഗണന, അന്ത്യോദയാ, സബ്‌സിഡി വിഭാഗങ്ങളുള്‍പ്പെടെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ കഴിഞ്ഞമാസം റേഷന്‍ വാങ്ങാത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കാനൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്. വീടുകളില്‍ നേരിട്ടെത്തിയായിരിക്കും പരിശോധന. 81 ലക്ഷം കുടുംബങ്ങളില്‍ സബ്‌സിഡി ലഭിക്കുന്ന മൂന്നുലക്ഷമുള്‍പ്പെടെ ആറുലക്ഷത്തോളം കുടുംബങ്ങളാണ് നവംബര്‍മാസത്തെ റേഷന്‍ വിഹിതം വാങ്ങിയില്ലെന്നാണ് കണക്ക്.

സൗജന്യം ലഭിക്കുന്ന വിഭാഗങ്ങള്‍ സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും റേഷന്‍ വാങ്ങാത്തതാണോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്ഥലത്ത് ഇല്ലാത്തവരെങ്കില്‍ പരിശോധനയില്‍ ഇവര്‍ അനര്‍ഹരാണെന്ന് കണ്ടെത്തിയാല്‍ ഒഴിവാക്കും.29 ലക്ഷം കുടുംബങ്ങളാണ് മുന്‍ഗണനാ വിഭാഗത്തി(പിങ്ക്)ലുള്ളത്. ഇവരില്‍ 91,918 കുടുംബങ്ങള്‍ റേഷന്‍ ധാന്യം വാങ്ങിയില്ല. ആളൊന്നിന് നാലുകിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഇവര്‍ക്ക് ലഭിക്കുക. കൈകാര്യച്ചെലവായ രണ്ടുരൂപ കിലോയ്ക്ക് ഈടാക്കും. മുന്‍ഗണനാവിഭാഗത്തില്‍ എറണാകുളം ജില്ലയില്‍ 14,974 കുടുംബങ്ങള്‍ റേഷന്‍ വാങ്ങിയിട്ടില്ല.

അന്ത്യോദയാ വിഭാഗത്തില്‍ 12,892 കുടുംബങ്ങള്‍ റേഷന്‍ വാങ്ങിയില്ല. ഇടുക്കി ജില്ലയിലാണ് കൂടുതല്‍. ഇവിടെ 1759 കുടുംബങ്ങളാണ് റേഷന്‍ വാങ്ങാത്തത്. പൂര്‍ണമായും സൗജന്യമായി കാര്‍ഡ് ഒന്നിന് 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പുമാണ് ഇവര്‍ക്ക് ലഭിക്കുക. സബ്‌സിഡി വിഭാഗത്തില്‍ 1.8 ലക്ഷം പേരാണ് റേഷന്‍ വാങ്ങാത്തത്. മൂന്നുരൂപ നിരക്കില്‍ ഇവര്‍ക്ക് ആളോന്നിന് രണ്ടുകിലോ അരിയും അരലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും. ഇതുകൂടാതെ പ്രളയത്തെത്തുടര്‍ന്നുള്ള അഞ്ചുകിലോ അരിയും നല്‍കിയിരുന്നു. ഇവ വാങ്ങാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കും. സബ്‌സിഡിയിതര വിഭാഗത്തില്‍ 3.18 ലക്ഷത്തോളം കുടുംബങ്ങള്‍ റേഷന്‍ വാങ്ങിയിട്ടില്ല. 9.90 രൂപ നിരക്കിലാണ് ഇവര്‍ക്ക് അരി ലഭിക്കുക.

2017 ജൂണില്‍ തയ്യാറാക്കിയ അന്തിമപട്ടികയില്‍ അനര്‍ഹരായി കടന്നുകൂടിയ 2.82 ലക്ഷം കുടുംബങ്ങളെ ഒഴിവാക്കി. ഇനി ഒരുലക്ഷത്തോളം അര്‍ഹരായ കുടുംബങ്ങള്‍ പട്ടികയില്‍ ഇടം നേടാനായി കാത്തുനില്‍ക്കുകയാണ്. സംസ്ഥാനതല പട്ടിക തയ്യാറാക്കിയപ്പോള്‍ ചില ജില്ലകളില്‍ കൂടുതല്‍പേര്‍ പട്ടികയില്‍ ഇടംനേടാന്‍ യോഗ്യത നേടിയിരുന്നു. എന്നാല്‍, ചില ജില്ലകളില്‍ യോഗ്യരായവരുടെ എണ്ണം കുറവായിരുന്നു. അതിനാല്‍, ഓരോ താലൂക്കിലും 4000 പേരില്‍ കൂടാത്ത നിലയിലാണ് കാത്തിരിപ്പുപട്ടിക നിലനിര്‍ത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com