സര്‍ക്കാരിനെ വിമര്‍ശിക്കാം, പക്ഷെ കേരളത്തെ സംഘപരിവാറിന് വിട്ടുകൊടുക്കരുത്; വനിതാ മതില്‍ പിന്തിരിപ്പന്‍ ശക്തികളെ ചെറുക്കാനുള്ള പ്രതിരോധത്തിന്റെ പ്രതീകമെന്ന് കെ അജിത 

തങ്ങളുടെ അജണ്ട നടപ്പിലാക്കുന്ന സംഘപരിവാര്‍ ശക്തികളെ രാഷ്ട്രീയമായി തോല്‍പ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ടുതന്നെ പരമാവധി സ്ത്രീകള്‍ വനിതാമതിലിനോട് സഹകരിക്കണമെന്നും അജിത
സര്‍ക്കാരിനെ വിമര്‍ശിക്കാം, പക്ഷെ കേരളത്തെ സംഘപരിവാറിന് വിട്ടുകൊടുക്കരുത്; വനിതാ മതില്‍ പിന്തിരിപ്പന്‍ ശക്തികളെ ചെറുക്കാനുള്ള പ്രതിരോധത്തിന്റെ പ്രതീകമെന്ന് കെ അജിത 

കേരളത്തിലെ പിന്തിരിപ്പന്‍ ശക്തികളെ ചെറുക്കാനുള്ള പ്രതിരോധത്തിന്റെ പ്രതീകമായാണ് താന്‍ വനിതാ മതിലിനെ കാണുന്നതെന്ന് മനുഷ്യാവകാശപ്രവര്‍ത്തക കെ അജിത. നവോത്ഥാനമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടതും ഭരണഘടനയ്‌ക്കൊപ്പം നില്‍ക്കേണ്ടതും ശബരിമലയിലെ യുവതി പ്രവേശനം ഉറപ്പുവരുത്തേണ്ടതുമൊക്കെ സര്‍ക്കാറിന്റെ മാത്രം കടമയല്ലെന്നും അവര്‍ പറഞ്ഞു.

വനിതാ മതിലിന്റെ സംഘാടനത്തെ കുറിച്ച് പല വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. സര്‍ക്കാറിനെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. പക്ഷേ വിമര്‍ശനങ്ങള്‍ സംഘപരിവാറിനും ബിജെപിക്കും കേരളത്തെ സ്വയം വിട്ടുകൊടുത്തുകൊണ്ടാകരുത് എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ പരമാവധി സ്ത്രീകള്‍ വനിതാമതിലിനോട് സഹകരിക്കണം , അജിത പറഞ്ഞു. 

'കേരളത്തില്‍ നവോത്ഥാനം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സ്ത്രീകള്‍ക്ക് ലിംഗനീതി ഉറപ്പ് വരുത്തുന്ന വിധിയാണ് പുറപ്പെടുവിച്ചത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കയറാന്‍ ശ്രമിക്കുന്ന സ്ത്രീകളെ മുഴുവന്‍ തടയുന്നു. നൂറുകണക്കിന് ആളുകള്‍ അവര്‍, ഭക്തരാണോ എന്ന് നമ്മള്‍ക്കറിയില്ല. ഭക്തരായിരിക്കാം അല്ലായിരിക്കാം അവര്‍ യുവതികളായ സ്ത്രീകളെ തടയുന്നു. അത് കിരാതമായ നടപടിയാണ്', അജിത പറഞ്ഞു

ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പെറ്റീഷന്‍ കൊടുക്കുന്നതുതന്നെ സംഘപരിവാര്‍ സ്വാധീനത്തിലുള്ള സ്ത്രീകളാണെന്നും വിധി വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്യുകയും പിന്നീട് എതിര്‍ക്കുകയും ചെയ്തത് ഒരു പൊളിറ്റിക്കല്‍ മാനുപ്പുലേഷനാണെന്നും അജിത ആരോപിക്കുന്നു. തങ്ങളുടെ അജണ്ട നടപ്പിലാക്കുന്ന സംഘപരിവാര്‍ ശക്തികളെ രാഷ്ട്രീയമായി തോല്‍പ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അജിത പറയുന്നു. കേരളത്തിലെ സ്ത്രീകള്‍ ആചാര സംരക്ഷണത്തിന് വേണ്ടി നില്‍ക്കുന്നവരല്ലെന്നും അവര്‍ ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം അണിചേരുകയും തങ്ങള്‍ ആചാര സംരക്ഷകരല്ല എന്ന് ലോകത്തോട് വിളിച്ചുപറയുകയും ചെയ്യണമെന്നാണ് ഞാന്‍ കരുതുന്നത്. അതിന്റെ പ്രതീകാത്മകതയാണ് വനിതാമതില്‍, അവര്‍ കൂട്ടിച്ചേര്‍ത്തു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com