സോളാര്‍ കേസില്‍ നിര്‍ണായകം ; വ്യവസായിയില്‍ നിന്ന് ഒന്നരക്കോടി തട്ടിയെടുത്ത കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക
സോളാര്‍ കേസില്‍ നിര്‍ണായകം ; വ്യവസായിയില്‍ നിന്ന് ഒന്നരക്കോടി തട്ടിയെടുത്ത കേസില്‍ വിധി ഇന്ന്

തിരുവനന്തപുരം: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായിയായ ടി സി മാത്യുവില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ ഇന്ന് വിധി പറയും. സരിത നായര്‍ക്കും ബിജു രാധാകൃഷ്ണനും എതിരെയുള്ള പരാതിയിലാണ് ഇന്ന് കോടതി വിധി പ്രസ്താവിക്കുന്നത്. തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക.   

ഗാര്‍ഹികാവശ്യത്തിനായുള്ള സോളര്‍ പാനലിന്റെയും കാറ്റാടി യന്ത്രങ്ങളുടെയും കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ വിതരണാവകാശം വാഗ്ദാനം ചെയ്ത് വ്യവസായിയായ ടി സി മാത്യുവില്‍ നിന്നും ഒന്നരകോടി രൂപ ഇവര്‍ തട്ടിയെടുത്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 

2009 ലാണ് സംഭവം. പ്രതികളുടെ സ്ഥാപനമായ ഐസിഎംഎസ് പവര്‍ ആന്‍ഡ് കണക്ടിന്റെ പേരിലാണ് ചെക്ക് നല്‍കിയതെന്നു സാക്ഷി മൊഴി നല്‍കിയിരുന്നു. തട്ടിപ്പിന് ഇരയായ ടി സി മാത്യു നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയാണ് കേസെടുത്തത്. കേസിലെ മൂന്നാം പ്രതി ഇന്ദിരാദേവി ഒളിവിലാണ്. നാലാം പ്രതി ഷൈജു സുരേന്ദ്രനെ പ്രത്യേകം വിചാരണ ചെയ്യും. 

ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്.അംഗീകാരം പോലും ഇല്ലാത്ത ടീം സോളാര്‍ എന്ന കമ്പനി സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ പലരില്‍ നിന്നായി പണം തട്ടിയെടുത്തെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടന്നിരുന്നതെന്ന ആരോപണം കേരളത്തെ പിടിച്ചുലച്ചു. 

ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പിഎ ടെന്നി ജോപ്പന്‍ അറസ്റ്റിലായി. മറ്റൊരു സ്റ്റാഫ് ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിംരാജ് എന്നിവര്‍ക്കുനേരെയും ആരോപണമുയര്‍ന്നു. സോളാര്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഏതാനും മന്ത്രിമാര്‍ക്കുമെതിരെ ലൈംഗിക ആരോപണവും ഉയര്‍ന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com