ഹാദിയയ്ക്ക് തുണയായത് വനിതാ കമ്മീഷന്റെ ഇടപെടല്‍; ശക്തമായ നിലപാട് സ്വീകരിച്ചതിന് വ്യക്തിപരമായ ആക്ഷേപം കേള്‍ക്കേണ്ടിവന്നു: എം.സി ജോസഫൈന്‍

ഹാദിയ കേസില്‍ യുവതിക്ക് അനുകൂലമായി നിയമ സംവിധാനങ്ങള്‍ ചലിച്ചതില്‍ നിര്‍ണായകമായത് വനിതാ കമ്മീഷന്റെ ഇടപെടലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍
ഹാദിയയ്ക്ക് തുണയായത് വനിതാ കമ്മീഷന്റെ ഇടപെടല്‍; ശക്തമായ നിലപാട് സ്വീകരിച്ചതിന് വ്യക്തിപരമായ ആക്ഷേപം കേള്‍ക്കേണ്ടിവന്നു: എം.സി ജോസഫൈന്‍

ഹാദിയ കേസില്‍ യുവതിക്ക് അനുകൂലമായി നിയമ സംവിധാനങ്ങള്‍ ചലിച്ചതില്‍ നിര്‍ണായകമായത് വനിതാ കമ്മീഷന്റെ ഇടപെടലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഹാദിയ കേസ് മതസമുദായങ്ങളുടെ ശാക്തികബലാബലം നിശ്ചയിക്കാനുള്ള ഉപാധിയായി സമുദായ സംഘടനകള്‍ ഏറ്റെടുത്തപ്പോള്‍ സാമൂഹിക സംഘടനകള്‍ മൗനം പാലിച്ചുനിന്നത് കറുത്ത ഏടായി. ഹൈക്കോടതി വിധിയെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ കുടുങ്ങിക്കിടക്കേണ്ടി വന്ന യുവതിക്ക് നിയമപരമായ പരിഹാരം മാത്രമായിരുന്നു വഴി. വൈകാരികമായി ഉയര്‍ന്നുവന്ന ആവശ്യങ്ങളോട് പ്രതികരിക്കുകയല്ല, നിയമവഴിയിലൂടെ പ്രശ്‌ന പരിഹാരം സൃഷ്ടിക്കുക എന്നതായിരുന്നു ഇക്കാര്യത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വീകരിച്ച നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ കേസില്‍ കക്ഷിചേര്‍ന്നതും. വനിതാ മതിലിനെ കുറിച്ച് എഴുതിയ ലേഖനത്തില്‍ ജോസഫൈന്‍ പറയുന്നു. 

രാജ്യത്തെ നിയമങ്ങളെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് പകരം സമൂഹത്തെ രണ്ടായി പകുത്തെടുക്കുന്ന സാമുദായിക സമീപനങ്ങളാണ് ആ വേളയില്‍ പൊതുവെ ഉയര്‍ന്നു കണ്ടത്. സുപ്രീംകോടതിയില്‍ ഹാദിയയെ വിളിച്ചുവരുത്തിയ ദിവസം ഓര്‍ക്കുക. അന്ന് യുവതിയെ കേള്‍ക്കാതെ കോടതി നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ അതിനെതിരായ ശബ്ദം ഉയര്‍ത്തുന്നത് സംസ്ഥാന വനിതാ കമ്മീഷന്റെ അഭിഭാഷകനായിരുന്നു. 

തുടര്‍ന്നാണ് ഹാദിയക്ക് പറയാനുള്ളത് കോടതി കേട്ടതും അവളുടെ അവകാശങ്ങളിലേക്ക് നിയമസംവിധാനം ചലിച്ചുതുടങ്ങിയതും. ഒരു യുവതിയുടെ സ്വയം നിര്‍ണയാവകാശത്തെ സുപ്രീംകോടതിയില്‍ ശക്തമായി ഉയര്‍ത്തിപ്പിടിച്ചതിന് വ്യക്തിപരമായ ആക്ഷേപങ്ങള്‍ കമ്മീഷന്‍ അധ്യക്ഷക്ക് നേരെ നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. യുവതിയെ മതസ്വത്വമായി മാത്രം വീക്ഷിച്ചവര്‍ക്കും വനിതാ കമ്മീഷന്റെ നിയമപരമായ ഇടപെടലുകളെ ഉള്‍ക്കൊള്ളാനായില്ല. പുതിയ കാലത്ത് ഉയര്‍ന്നു വരുന്ന സ്ത്രീപക്ഷ ചിന്തകളെ മതത്തിന്റെയും ആചാരങ്ങളുടെയും നൂലിഴകളില്‍ തളച്ചിടാനുള്ള ശ്രമങ്ങളാണ് അന്ന് കണ്ടതും ഇപ്പോള്‍ തുടര്‍ന്നു കാണുന്നതും. സാമൂഹിക മുന്നേറ്റങ്ങള്‍ ഈ കുതന്ത്രങ്ങളെ അതിജീവിക്കാന്‍ പ്രാപ്തമാകേണ്ടിയിരിക്കുന്നു- ജോസഫൈന്‍ എഴുതുന്നു. 

വനിതാ മതിലിന്റെ ദൈര്‍ഘ്യവും ശക്തിയും കേരളീയ സ്ത്രീസമൂഹത്തിന് പുതിയൊരു ആത്മവിശ്വാസവും ലക്ഷ്യബോധവും തീര്‍ച്ചയായും പകര്‍ന്നുനല്‍കും. വിവിധങ്ങളായ വിവേചനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന സ്ത്രീസമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവും സംഘടിതവുമായ മുന്നോട്ടു പോക്കിനുള്ള ശക്തിമത്തായ ചുവരൊരുക്കമാണ് നടക്കുന്നത്. എന്നും സ്മൃതിയില്‍ നിലനില്‍ക്കുന്ന ഈ ചുവരിലാകും സ്ത്രീസമൂഹത്തിന്റെ വളര്‍ച്ചകള്‍ രേഖാചിത്രങ്ങളായി ഇനി അടയാളമിടുകയെന്നും അവര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com