അനധികൃതമായി അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി
By സമകാലികമലയാളം ഡെസ്‌ക് | Published: 29th December 2018 10:33 PM |
Last Updated: 29th December 2018 10:34 PM | A+A A- |

തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നു വിട്ടു നില്‍ക്കുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറത്തിറക്കി.
സര്‍വീസില്‍ നിന്ന് അനധികൃതമായി വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള എല്ലാ വിഭാഗം ജീവനക്കാരും അടുത്ത മാസം 15ന് ഉച്ചയ്ക്കു മുന്‍പായി സര്‍വീസില്‍ പുനപ്രവേശിക്കണമെന്നാണ് നിര്‍ദേശം. അതിനുശേഷം അവധിയില്‍ തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജനുവരി 15ന് മുന്‍പു രേഖാമൂലം സന്നദ്ധത അറിയിക്കുന്നവര്‍ക്കു ബോണ്ടു വ്യവസ്ഥകള്‍ ഉള്‍പ്പെടെയുളള വ്യവസ്ഥകള്‍ക്കും അച്ചടക്ക നടപടികളുടെ തീര്‍പ്പിനും അതാതു വകുപ്പു മേധാവികള്‍ക്കോ നിയമനാധികാരികള്‍ക്കോ നിയമനം നല്‍കുകയും അതുസംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുകയും വേണം.
15നു ശേഷം അനധികൃതമായി അവധിയില്‍ തുടരുന്നവരെ സംബന്ധിച്ച തസ്തിക തിരിച്ചുള്ള വിശദാംശങ്ങള്‍ സ്ഥാപനമേധാവികള്‍, ജില്ലാമേധാവികള്‍, നിയമനാധികാരികള്‍ എന്നിവര്‍ സമാഹരിച്ച് ക്രോഡീകരിച്ച് അടുത്ത മാസം 31നുളളില്‍ വകുപ്പ് തലവന്‍മാര്‍ക്ക് നല്‍കേണ്ടതാണ്. വകുപ്പ് തലവന്‍മാര്‍ അച്ചടക്കനടപടികള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ സഹിതം ഫെബ്രുവരി 10നുളളില്‍ ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാരിനു ലഭ്യമാക്കണം. ഇതിന്റെ അടിസ്ഥാത്തിലാണ് നടപടികള്‍ സ്വീകരിക്കുക.