കുഞ്ഞാലിക്കുട്ടി എതിരാളികള്‍ക്ക് അടിക്കാന്‍ വടി നല്‍കി: വിമര്‍ശനവുമായി പി.വി അബ്ദുള്‍ വഹാബ്

മുത്തലാഖ് ബില്‍ വോട്ടെടുപ്പ് സമയത്ത് ലോക്‌സഭയിലെത്താതിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുസ്‌ലിം ലീഗില്‍ അമര്‍ഷം പുകയുന്നു
കുഞ്ഞാലിക്കുട്ടി എതിരാളികള്‍ക്ക് അടിക്കാന്‍ വടി നല്‍കി: വിമര്‍ശനവുമായി പി.വി അബ്ദുള്‍ വഹാബ്

മലപ്പുറം: മുത്തലാഖ് ബില്‍ വോട്ടെടുപ്പ് സമയത്ത് ലോക്‌സഭയിലെത്താതിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മുസ്‌ലിം ലീഗില്‍ അമര്‍ഷം പുകയുന്നു. പി.കെ കുഞ്ഞാലിക്കുട്ടി എതിരാളികള്‍ക്ക് അടിക്കാന്‍ വടിനല്‍കിയെന്ന് ലീഗ് നേതാവ് പി.വി അബ്ദുള്‍ വഹാബ് പറഞ്ഞു. എന്നാല്‍ ബിജെപിയെ സഹായിക്കാനാണ് ലോക്‌സഭയില്‍ നിന്ന് വിട്ടുനിന്നതെന്ന പ്രചാരണത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും മുഷ്യനാണ്, വീഴ്ചകള്‍ സംഭവിക്കാം. സംഭവത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

നേരത്തെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച് മുസ് ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും രംഗത്ത് വന്നിരുന്നു. 
കുഞ്ഞാലിക്കുട്ടിയുടെ ലോക്‌സഭയിലെ അസാന്നിധ്യം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം പാര്‍ട്ടിയിലും അണികളിലും അതൃപ്തിയുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ജനപ്രിനിധികള്‍ വീഴ്ച വരുത്തരുത്. അണികളുടെ വികാരത്തെ ലീഗ് ഗൗരവത്തോടെയാണ് കാണുന്നത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. എല്ലാ പ്രതിനിധികള്‍ക്കും ഇതൊരു പാഠമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിയുമായി ഇതുവരെ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ വിശദീകരണം ലഭിച്ചിട്ടില്ലെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.ലീഗ് യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ബില്ല് രാജ്യസഭയില്‍ പാസാവുകയില്ല. മുത്തലാഖ് ബില്ലിനെതിരെ മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണ കൂടി ലീഗ് തേടും. ബില്ല് പരാജയപ്പെട്ടാല്‍ നിലവിലുള്ള ആക്ഷേപങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹത്തില്‍ പങ്കെടുത്തത്‌കൊണ്ടല്ല ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്ന് നേരത്തെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. പാര്‍ട്ടി മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ ഗവേണിംഗ് ബോഡി യോഗമുള്ളതിനാലായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com