കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരം: തുടര്‍ നടപടികളില്ല; ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം; വിവാദം അവസാനിപ്പിക്കാന്‍ ലീഗ്

മുത്തലാഖ് ബില്‍ വിവാദത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍
കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരം: തുടര്‍ നടപടികളില്ല; ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം; വിവാദം അവസാനിപ്പിക്കാന്‍ ലീഗ്

മലപ്പുറം: മുത്തലാഖ് ബില്‍ വിവാദത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍. വിശദീകരണം തൃപ്തികരമായതിനാല്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരെ നടപടി സ്വീകരിക്കില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും വിവാദങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത വേണമെന്നും നിര്‍ദേശം നല്‍കി. 

ലോക്‌സഭയില്‍ മുത്തലാഖ് ബില്ല് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് വിവാദമായ സന്ദര്‍ഭത്തിലാണ് പാണക്കാട് തങ്ങള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത്. ലോക്‌സഭയിലെത്താതെ കുഞ്ഞാലിക്കുട്ടി വിവാഹത്തിന് പോയത് ശരിയായില്ല എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ താന്‍ വിവാഹത്തിന് പോയതല്ലെന്നും പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ  ഗവേണിംഗ് ബോഡി യോഗമുള്ളതിനാല്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

കുഞ്ഞാലിക്കുട്ടിയുടെ നടപടിക്ക് എതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷമാണ് പുകഞ്ഞത്. സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കല്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. 

കുഞ്ഞാലിക്കുട്ടി എതിരാളികള്‍ക്ക് അടിക്കാന്‍ വടിനല്‍കിയെന്ന് ആയിരുന്നു അബ്ദുള്‍ വഹാബിന്റെ വിമര്‍ശനം. കുഞ്ഞാലിക്കുട്ടിയുടെ ലോക്‌സഭയിലെ അസാന്നിധ്യം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം പാര്‍ട്ടിയിലും അണികളിലും അതൃപ്തിയുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ജനപ്രിനിധികള്‍ വീഴ്ച വരുത്തരുത്. അണികളുടെ വികാരത്തെ ലീഗ് ഗൗരവത്തോടെയാണ് കാണുന്നത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. എല്ലാ പ്രതിനിധികള്‍ക്കും ഇതൊരു പാഠമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com