കിലോയ്ക്ക് 90 രൂപയ്ക്ക് കോഴി ; സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കമായി

ന്യായവിലയ്ക്ക് ശുദ്ധമായ മാംസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കമായി
കിലോയ്ക്ക് 90 രൂപയ്ക്ക് കോഴി ; സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കമായി

മലപ്പുറം : ന്യായവിലയ്ക്ക് ശുദ്ധമായ മാംസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കമായി. മലപ്പുറത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. വര്‍ഷം മുഴുവന്‍ കിലോയ്ക്ക് 90 രൂപ വിലയ്ക്ക് കോഴികളെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിയിറച്ചി 140-150 രൂപ നിരക്കില്‍ ലഭ്യമാക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

ശുദ്ധമായ രീതിയില്‍ മാംസോല്‍പ്പാദനവും ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനവും ഉറപ്പാക്കുന്ന കേരള ചിക്കന്‍ ലൈവ് ഔട്ട് ലെറ്റുകളിലൂടെയാണ് കോഴികളെ വില്‍പ്പന നടത്തുക. കടകളുടെ ബ്രാന്‍ഡിംഗ്, ആധുനികവല്‍ക്കരണം, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവ നിലവില്‍ വരുന്നതോടെ ഇറച്ചിക്കോഴി വിപണനമേഖലയും കാലാനുസൃതമായി നവീകരിക്കപ്പെടും . കമ്പോളവില താഴുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം വിലസ്ഥിരതാ ഫണ്ടിലൂടെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.

സ്വന്തമായി ഇറച്ചിക്കോഴി വളര്‍ത്തി വിപണനം ചെയ്യുമ്പോള്‍ വിപണിയിലെ ചാഞ്ചാട്ടം മൂലം ഉണ്ടാകാവുന്ന വലിയ നഷ്ടത്തില്‍ നിന്നും കര്‍ഷകരും മോചിതരാകും. ആകെ ലാഭത്തില്‍ നിന്ന് ഒരു വിഹിതത്തിനും കൃഷിക്കാര്‍ക്ക് അര്‍ഹതയുണ്ട്. കൂടാതെ അപ്രതീക്ഷിതമായി കര്‍ഷകര്‍ക്ക് വരാവുന്ന നഷ്ടം നികത്താനായി ലാഭവിഹിതത്തില്‍ നിന്നും ഒരു ഭാഗം റിസ്‌ക് ഫണ്ട് ആയി മാറ്റിവെക്കും. 

ഇറച്ചിക്കോഴി വളര്‍ത്തലില്‍ ഏറ്റവും പ്രധാന ഉല്‍പ്പാദനോപാധിയായ കുഞ്ഞുങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കാന്‍ നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി സംവിധാനമുണ്ടാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ലഭ്യത മുതല്‍ കോഴി മാലിന്യ സംസ്‌കരണം വരെയുള്ള മുന്‍പിന്‍ ബന്ധങ്ങളും സാങ്കേതിക വിദഗ്ധരുടെ പിന്തുണയും ഉറപ്പാക്കിയാണ് കേരള ചിക്കന്‍ പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com