വനിതാ മതിലിൽ അണിചേർന്ന് യാക്കോബായ സഭ ; ഒരുലക്ഷം വനിതകൾ പങ്കെടുക്കും

വനിതാ സമാജം, യുവജനസംഘടന എന്നിവയാണ് ചുക്കാൻ പിടിക്കുകയെന്ന് സഭ വക്താവ് കുര്യാക്കോസ് മാർ തിയോഫിലോസ് അറിയിച്ചു
വനിതാ മതിലിൽ അണിചേർന്ന് യാക്കോബായ സഭ ; ഒരുലക്ഷം വനിതകൾ പങ്കെടുക്കും

കൊച്ചി : സംസ്ഥാനത്തിന്റെ മതേതര മൂല്യങ്ങള്‍ക്കും സ്ത്രീശാക്തീകരണത്തിനും നവോത്ഥാന മൂല്യങ്ങള്‍ക്കും വേണ്ടി അണിനിരത്തുന്ന വനിതാ മതിലില്‍ പങ്കെടുക്കാൻ യാക്കോബായ സഭ തീരുമാനിച്ചു. ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. വനിതാ സമാജം, യുവജനസംഘടന എന്നിവയാണ് ഇതിന് ചുക്കാൻ പിടിക്കുകയെന്ന് യാക്കോബായ സഭ വക്താവ് കുര്യാക്കോസ് മാർ തിയോഫിലോസ് അറിയിച്ചു. 

സർക്കാർ സംഘടിപ്പിക്കുന്ന വനിതാമതിലിൽ നിന്നും സഭ മാറി നില്‍ക്കില്ലെന്ന് കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയസും വ്യക്തമാക്കി. ന്യൂനപക്ഷങ്ങളടക്കമുളള ജനവിഭാഗങ്ങള്‍ ഇതില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഡിസംബര്‍ 26ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ സൂനഹദോസിലാണ് വനിതാ മതിലില്‍ വിശ്വാസികളും അണി ചേരാന്‍ തീരുമാനിച്ചത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള സര്‍ക്കാരിന്റെ പരിപാടിയില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ മാറി നില്‍ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തില്‍ സഭയുടെ വനിതാ സമാജവും യൂത്ത് വിംഗും വനിതാ വിഭാഗവും ചേര്‍ന്നാണ് വനിതാ മതിലില്‍ അണി ചേരുന്നത്. വനിതകളുടെ അവകാശങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനാണ് വനിതാമതിൽ നടത്തുന്നത്. സർക്കാരിന്റെ ഭാ​ഗത്തുനിന്നുള്ള പോസിറ്റീവ് സമീപനമായതിനാലാണ് പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് കുര്യാക്കോസ് മാർ തിയോഫിലോസ് പറഞ്ഞു. ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്താതെയാണ് വനിതാ മതില്‍ തീര്‍ക്കുന്നതെന്ന രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ തളളിക്കളയുന്നതാണ് യാക്കോബായ സഭയുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com