സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു
സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

തൃശൂര്‍: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. പുസ്തക രചനയുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങളിലായി തൃശൂരിലായിരുന്നു സൈമണ്‍ ബ്രിട്ടോ. 

ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായാണ് സൈമണ്‍ ബ്രിട്ടോ നിയമസഭയില്‍ എത്തിയത്. എസ്എഫ്‌ഐയുടെ മുന്‍ നേതാവായിരുന്ന ഇദ്ദേഹത്തെ അക്രമരാഷ്ട്രീയത്തിന്റെ ഇരയായാണ് രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത്. 1983 ഒക്‌ടോബര്‍ 14ന് കെഎസ്‌യു പ്രവര്‍ത്തകരുടെ കത്തിക്കുത്തേറ്റ് അരയ്ക്ക് താഴെ സ്വാധീനം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ബ്രിട്ടോ വീല്‍ ചെയറില്‍ സഞ്ചരിച്ച് സജീവ രാഷ്ട്രീയസാമൂഹ്യ പ്രവര്‍ത്തനം തുടരുകയായിരുന്നു. കേരളത്തിലെ പന്ത്രണ്ടാം നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു സൈമണ്‍ ബ്രിട്ടോ.

എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയില്‍ നിക്കോളാസ് റോഡ്രിഗ്‌സിന്റെയും ഇറിന്‍ റോഡ്രിഗ്‌സിന്റെയും മകനായി 1954 മാര്‍ച്ച് 27ന് ജനിച്ചു. പച്ചാളം സെന്റ് ജോസഫ് എച്ച്.എസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

എല്‍.എല്‍.ബി. പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com