'എന്റെ കഥ'യ്ക്ക് 45വയസ്സ്; കമലാദാസിന് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2018 11:28 AM |
Last Updated: 01st February 2018 11:28 AM | A+A A- |
മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടിക്ക്, എഴുത്തുകാരി കമലാദാസിന് ആദരവ് അര്‍പ്പിച്ചുകൊണ്ടുള്ളതാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍. എന്റെ കഥ എന്ന കമലാദാസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ച ദിനമാണെന്നതാണ് ഇന്നത്തെ പ്രത്യേകത. കമലാദാസിന്റെ ധീരതയെ പ്രശംസിച്ച ഗുഗിള്‍ സ്ത്രീകളുടെ ലോകത്തേക്ക് ജാലകം തുറന്ന വ്യക്തിത്വമെന്ന വിശേഷണമാണ് നല്‍കിയിരിക്കുന്നത്. മഞ്ജിത് താപ്പ് എന്ന കലാകാരനാണ് ഡൂഡില്‍ രൂപകല്‍പ്പന ചെയ്തത്.
1973ല്‍ ഇതേ ദിവസം പ്രസിദ്ധീകരിച്ച ആത്മകഥ കമലാദാസിന്റെ കുട്ടിക്കാലവും വിവാഹജീവിതവും അതിന് ശേഷമുള്ള സംഭവങ്ങളുമെല്ലാം ആവിഷ്‌കരിക്കുന്നതാണ്. മലയാളത്തില്‍ പുറത്തിറങ്ങിയ 'എന്റെ കഥ' പിന്നീട് ഇംഗ്ലീഷ് ഉള്‍പ്പടെ 15 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു.
ജീവചരിത്രം, കവിത, ചെറുകഥ എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി രചനകള്‍ സാഹിത്യലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ കവിത എഴുതുന്നവരില്‍ പ്രമുഖയായിരുന്ന അവര്‍ മലയാളത്തില്‍ പ്രീതി നേടിയത് ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ്. 1999ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പു വരെ മാധവികുട്ടി എന്ന പേരില്‍ തന്റെ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ പിന്നീടുള്ള രചനകള്‍ കമലാദാസ് എന്ന പേരിലാണ് പുറത്തിറക്കിയിരുന്നത്.