എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്ക് ; സത്യപ്രതിജ്ഞ വൈകീട്ട് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2018 07:48 AM  |  

Last Updated: 01st February 2018 07:48 AM  |   A+A-   |  

 

തിരുവനന്തപുരം: എന്‍സിപി നേതാവ് എ കെ ശശീന്ദ്രന്‍ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. 10 മാസത്തെ ഇടവേളക്ക് ശേഷമാണ് ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുന്നത്. ഫോണ്‍കെണി കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് ശശീന്ദ്രന് മന്ത്രിസഭയില്‍ തിരിച്ചെത്താന്‍ വഴി തെളിഞ്ഞത്. 

അതിനിടെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയത്. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ മൊഴി മാത്രം പരിഗണിച്ചാണ് കീഴ്‌ക്കോടതി വിധിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

പെണ്‍കുട്ടിക്ക് എതിരെ അടക്കം കേസുകള്‍ നിലവിലുണ്ട്. കേസിലെ സാക്ഷിമൊഴികളും മറ്റ് രേഖകളും കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫോണ്‍ വിളി വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26നാണ് ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രന്‍ രാജിവയ്ക്കുന്നത്.