എല്ലാ സ്വകാര്യആശുപത്രികളിലും അടിയന്തര ചികിത്സ നിര്‍ബന്ധമാക്കും: തോമസ് ഐസക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd February 2018 09:57 AM |
Last Updated: 02nd February 2018 09:57 AM | A+A A- |
തിരുവനന്തപുരം: എല്ലാവര്‍ക്കും ഗുണകരമായ നിലയില്‍ ആരോഗ്യസുരക്ഷാ പദ്ധതി വിപുലപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ലോട്ടറിയില്‍ നിന്നുളള വരുമാനം ഇതിനായി വിനിയോഗിക്കും.
എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. ഭവനരഹിതരായ 1.76 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും. പണിതീരാത്ത 77,757 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഇതെല്ലാം ഉള്‍പ്പെടുന്ന ലൈഫ് പദ്ധതിക്ക് 2500 കോടി രൂപ വകയിരുത്തിയതായി തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
എല്ലാ മെഡിക്കല്‍ കോളേജുകളിലും ഒങ്കോളജി വിഭാഗം തുടങ്ങും. എല്ലാ ജില്ലാ ആശുപത്രിയിലും കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കും. സ്വകാര്യആശുപത്രികളില്‍ അടിയന്തര ചികിത്സ നിര്‍ബന്ധമാക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി്. എല്ലാവര്‍ക്കും ഭക്ഷണം, താമസം, വസ്ത്രം എന്നിവ ഉറപ്പാക്കുമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യസബ്‌സിഡിയായി 954 കോടി രൂപ നല്‍കുമെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. വിശപ്പുരഹിത പദ്ധതി വ്യാപിപ്പിക്കുന്നതിന് 20 കോടി രൂപ നീക്കിവെയ്ക്കുമെന്നും തോമസ് ഐസക്ക് അറിയിച്ചു. പ്രവാസി ചിട്ടി ഏപ്രില്‍ മുതല്‍ ആരംഭിക്കും.
കടമെടുക്കാനുളള സംസ്ഥാനത്തിന്റെ അധികാരം കേന്ദ്രം കവരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക് കുറ്റപ്പെടുത്തി്. കേന്ദ്രധനകമ്മി കുറച്ചത് പൊതുമേഖലകളുടെ ഓഹരി വില്‍പ്പനയിലുടെയാണ്. ഒരു ലക്ഷം കോടി രൂപയാണ് ഓഹരി വില്‍പ്പനയിലുടെ നേടിയത്. ഇത് ഇടതുകാലിലെ മന്ത്് വലതുകാലിലേക്ക് മാറ്റുന്നതിന് തുല്യമാണെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
പ്രതിസന്ധിക്കിടയിലും കേരളം 7.4 ശതമാനം സാമ്പത്തിക വളര്‍ച്ച നേടി. എന്നാല്‍ റവന്യൂവരുമാനം കേവലം 7.7 ശതമാനം മാത്രമാണ്. എങ്കിലും വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ധനകമ്മി 3.1 ശതമാനമായി പരിമിതപ്പെടുത്താന്‍ കഴിയുമെന്ന് തോമസ് ഐസക്ക് പ്രതീക്ഷ പ്രകടിപ്പിച്ചു.
ജിഎസ്ടിയുടെ ഗുണം ഏറ്റവുമധികം ലഭിച്ചത് കോര്‍പ്പറേറ്റുകള്‍ക്കാണ്. നോട്ടുനിരോധനം കമ്പോളത്തെ തകര്‍ത്തു. ജിഎസ്ടി കേരളത്തിന് ഗുണകരമാകുമെന്ന പൊതുധാരണ തെറ്റാണെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റില്‍ തീരദേശത്തിന്റെ വികസനത്തിന് 2000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. തീരദേശത്തെ ഹരിതവല്‍ക്കരിക്കാന്‍ 150 കോടി രൂപ നീക്കിവെയ്ക്കും. തീരദേശത്തിന്റെ വികസനം കിഫ്ബിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി കിഫ്ബി വഴി 900 കോടി രൂപ കണ്ടെത്തും.
മത്സ്യമേഖലയ്ക്ക് 600 കോടി രൂപ നീക്കിവെയ്ക്കും. തീരദേശത്ത് കുടുംബാരോഗ്യപദ്ധതി നടപ്പിലാക്കും. തീരദേശ ആശുപത്രികളുടെ വികസനം സാധ്യമാക്കും.
കാലാവസ്ഥ വ്യതിയാനം കേരളത്തിന് വെല്ലുവിളിയായി മാറുന്നതായും തോമസ് ഐസക്ക് പറഞ്ഞു.