നീതി തേടിയുള്ള സമരത്തില്‍ തന്റെ പേരില്‍ ചിലര്‍ പണം പിരിച്ചെന്ന് ശ്രീജിത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2018 08:34 PM |
Last Updated: 03rd February 2018 08:34 PM | A+A A- |

തിരുവനന്തപുരം: സഹോദരന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളോളം സെക്രട്ടേറിയറ്റിനു മുന്നില്‍ താന്‍ നടത്തിയ സമരത്തിന്റെ പേരില്‍ സമൂഹമാധ്യമ കൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവ് നടത്തിയതായി ശ്രീജിത്ത് , സമരത്തിനു പിന്തുണയുമായെത്തിയെ സമൂഹമാധ്യമ കൂട്ടായ്മയിലെ ഒരു വിഭാഗം തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചു. ഒപ്പം നിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞതായും ശ്രീജിത്ത് പറഞ്ഞു
സമരം ചെയ്യുന്ന സമയത്ത് സഹായിക്കാന്‍ സന്നദ്ധരായി ചിലര്‍ മുന്നോട്ടുവന്നിരുന്നു. പരമാവധി ഒഴിവാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍, ഞാന്‍ മാറുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സമൂഹമാധ്യമ കൂട്ടായ്മയിലെ ചിലര്‍ പണം വാങ്ങിയിരുന്നതായി പിന്നീട് അറിയാന്‍ കഴിഞ്ഞു. ഇതു കൂടാതെ മറ്റു ചില പണപ്പിരിവുകളും നടന്നിട്ടുണ്ട്. ഇത്തരം പിരിവുകളുമായി എനിക്കു ബന്ധമില്ല. ഇപ്പോഴും ചിലര്‍ പിരിവു നടത്തുന്നതായി കേള്‍ക്കുന്നുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.എന്നാല്‍, സമൂഹമാധ്യമ കൂട്ടായ്മയിലെ കുറേപേര്‍ അവസാനം വരെ ഒപ്പം നിന്നതായും ശ്രീജിത്ത് പറഞ്ഞു. അവര്‍ ഉറച്ച പിന്തുണ നല്‍കി എന്നും ഒപ്പമുണ്ടായിരുന്നു. അതേസമയം, കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം നാട്ടുകാരാണെന്നും അതുകൊണ്ട് തുടര്‍ന്ന് നാട്ടില്‍ ജീവിക്കാന്‍ ആശങ്കയുണ്ടെന്നും ശ്രീജിത്ത് വെളിപ്പെടുത്തി. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും ശ്രീജിത്ത് പറഞ്ഞു.
ആരോഗ്യം വീണ്ടെടുത്ത ശ്രീജിത്ത് ചികിത്സയ്ക്കുശേഷം ഇന്നു വീട്ടിലേക്കു മടങ്ങും. സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു.