ബിനോയ് കോടിയേരി വിവാദം : പരാതി സ്ഥിരീകരിച്ച് യെച്ചൂരി; ആവശ്യമെങ്കില്‍ തുടര്‍ നടപടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2018 01:26 PM |
Last Updated: 03rd February 2018 01:26 PM | A+A A- |

ന്യൂഡല്‍ഹി : ബിനോയി കോടിയേരി വിവാദത്തില്‍ പരാതി ലഭിച്ചതായി സ്ഥിരീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകം നിലപാട് അറിയിച്ചിട്ടുണ്ട്. തുടര്‍ നടപടി ആവശ്യമെങ്കില്‍ പാര്‍ട്ടി സ്വീകരിക്കും. കൂടുതല്‍ നടപടി വേണോയെന്ന് പിന്നീട് പരിശോധിക്കാമെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു. ബിനോയി വിവാദത്തില്‍ ഇതാദ്യമായാണ് യെച്ചൂരി പരാതി ലഭിച്ചതായി സമ്മതിക്കുന്നത്.
പാര്‍ട്ടിയും പദവിയും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പദവി ഉപയോഗിച്ച് പണം വാങ്ങാന്‍ അനുമതിയില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി നയം വ്യക്തമാണ്. വഴിവിട്ട നടപടികള്‍ക്ക് പാര്‍ട്ടിയെ ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.
ദുബായിയിലെ ബാങ്കുകളില്‍ നിന്നും ബിനോയി കൊടിയേരി 13 കോടി രൂപ വായ്പയെടുത്തിട്ട്, പണം തിരികെ അടയ്ക്കാതെ മുങ്ങിയെന്നാണ് പരാതി. ഇക്കാര്യത്തില്‍ പണം തിരികെ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹസന്‍ അല്‍ മര്‍സൂഖി സിപിഎം കേന്ദ്രനേതൃത്വത്തെ സമീപിച്ചത്. തങ്ങള്‍ക്ക് മുന്നില്‍ ഇത്തരത്തില്‍ ഒന്നും ഇല്ലെന്നായിരുന്നു പാരാതിയെക്കുറിച്ച് അന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് യെച്ചൂരി പ്രതികരിച്ചത്.