ഭരണം ഉപയോഗിച്ച് മന്ത്രിമാരും നേതാക്കളും കുടുംബാംഗങ്ങളും തടിച്ചു കൊഴുക്കുന്നു: കുമ്മനം
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 04th February 2018 06:08 PM |
Last Updated: 04th February 2018 06:08 PM | A+A A- |

തിരുവനന്തപുരം: കണ്ണട വിവാദത്തിലും ധനമന്ത്രി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി ലക്ഷങ്ങള്‍ എഴുതിയെടുത്തെന്ന ആരോപണത്തിലും വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. രോഗികളും ആഡംബരപ്രിയരുമായ മന്ത്രിമാരെ തീറ്റിപ്പോറ്റേണ്ട ബാദ്ധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ലെന്ന് കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി വിലപിക്കുന്ന ധനമന്ത്രി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി ലക്ഷങ്ങളാണ് എഴുതിയെടുത്തത്. ജനങ്ങള്‍ മുണ്ട് മുറുക്കിയുടക്കണമെന്ന് ആവശ്യപ്പെടുന്ന മന്ത്രി ചികിത്സയ്ക്കിടെ പിഴിഞ്ഞെടുക്കാന്‍ വാങ്ങിയ തോര്‍ത്തിനും തലയിണയ്ക്കും വരെ പൊതുപണം എഴുതിയെടുത്തിരിക്കുകയാണ്. ഇത്രയും കാപട്യം നിറഞ്ഞ നേതാക്കളുള്ള സര്‍ക്കാര്‍ ഇതിന് മുമ്പ് കേരളത്തിലുണ്ടായിട്ടില്ല. നിയമസഭാ സാമാജികരുടെ ചികില്‍സാ ചെലവുകള്‍ക്ക് പരിധി നിശ്ചയിക്കണമെന്ന ജസ്റ്റീസ് ജയിംസ് കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കാത്തത് ചികിത്സയുടെ പേരില്‍ ലക്ഷങ്ങള്‍ കീശയിലാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
ഭരണം ഉപയോഗിച്ച് സി.പി.എം നേതാക്കളും കുടുംബാംഗങ്ങളും മന്ത്രിമാരും തടിച്ചു കൊഴുക്കുകയാണ്. ഇതിനെ നിയന്ത്രിക്കാന്‍ കഴിവില്ലാതെ മൂകസാക്ഷിയായി മുഖ്യമന്ത്രി മാറിയത് ഈ തട്ടിപ്പില്‍ അദ്ദേഹത്തിനും പങ്കുള്ളതിനാലാണ്. 2,07,026 കോടി രൂപയാണ് കേരളത്തിന്റെ മൊത്തം കടം. ഈ സമയത്തും കണ്ണട വാങ്ങാന്‍ അരലക്ഷം രൂപ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്ന സ്പീക്കറും ലക്ഷങ്ങള്‍ പൊടിച്ച് സ്വകാര്യ ആശുപത്രിയില്‍ സുഖ ചികിത്സ നടത്തുന്ന മന്ത്രിയുമൊക്കെ നാടിന് ശാപമാണെന്നും കുമ്മനം പറഞ്ഞു.