ഗൂഢാലോചനയെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അന്വേഷണം ആവശ്യപ്പെടൂ ;  തോമസ് ചാണ്ടിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എ കെ ശശീന്ദ്രന്‍

എന്‍സിപിയിലെ മറ്റാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല. പാര്‍ട്ടിയില്‍ ഗൂഢാലോചന നടന്നുവെന്നും വിശ്വസിക്കുന്നില്ല 
ഗൂഢാലോചനയെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അന്വേഷണം ആവശ്യപ്പെടൂ ;  തോമസ് ചാണ്ടിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം : ഫോണ്‍ കെണി കേസില്‍ തനിക്കെതിരെ ഹര്‍ജി നല്‍കിയ മഹാലക്ഷ്മിക്ക് പിന്നില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. എന്‍സിപിയിലെ മറ്റാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല. തനിക്കെതിരെ പാര്‍ട്ടിയില്‍ ഗൂഢാലോചന നടന്നുവെന്നും വിശ്വസിക്കുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ അന്വേഷണം ആവശ്യപ്പെടില്ല. 

വ്യക്തമായ തെളിവോ ബോധ്യമോ ഇല്ലാതെ അന്വേഷണം ആവശ്യപ്പെടില്ല. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അന്വേഷണത്തിന് ആവശ്യം ഉന്നയിക്കൂ. മഹാലക്ഷ്മിയുടെ ഹര്‍ജി സംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. 

കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ മഹാലക്ഷ്മി തോമസ് ചാണ്ടിയുടെ പിഎ ശ്രീകുമാറിന്റെ വീട്ടുജോലിക്കാരിയായിരുന്നു എന്ന് കഴിഞ്ഞദിവസം വ്യക്തമായിരുന്നു. പരാതിക്കാരിയായ മഹാലക്ഷ്മിയുടെ സാമ്പത്തിക സ്രോതസ്സ് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രദീപ് പാറപ്പുറം നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. 

പരാതിക്കാരി മഹാലക്ഷ്മിയുടെ പിന്നിലാരെന്നതിനെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മഹാലക്ഷ്മിയുടെ പിന്നിലാര് ? കോടതികളില്‍ മാറി മാറി പരാതി നല്‍കാനും പ്രമുഖ അഭിഭാഷകരെ കൊണ്ടുവരാനുമുള്ള സാമ്പത്തിക സ്രോതസ്സ് എന്ത് ? തുടങ്ങിയ കാര്യങ്ങളെല്ലാം സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. 

ഫോണ്‍കെണികേസില്‍ വിധി പറയാന്‍ നിശ്ചയിച്ച ദിവസമാണ്, കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി തിരുവനന്തപുരം സിജെഎം കോടതിയില്‍ സ്വകാര്യ ഹര്‍ജി നല്‍കിയത്. ഭയം മൂലമാണ് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ശശീന്ദ്രന് അനുകൂലമായി മൊഴിമാറ്റിയതെന്നായിരുന്നു ഹര്‍ജിയില്‍ മഹാലക്ഷ്മി ആരോപിച്ചത്. എന്നാല്‍ കോടതി ഹര്‍ജി തള്ളി ശശീന്ദ്രനെ കുറ്റവിമുക്തനാക്കി. ഈ തീരുമാനത്തിനെതിരെ മഹാലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൈക്കോടതി ഈ ഹര്‍ജി ഈ മാസം 15 ന് പരിഗണിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com