മഹാലക്ഷ്മിയുടെ പിന്നിലാര് ? സാമ്പത്തിക സ്രോതസ്സ് എവിടെ നിന്ന് ? സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

തോമസ് ചാണ്ടിയുടെ പിഎ ശ്രീകുമാറിന്റെ വീട്ടുജോലിക്കാരിയായിരുന്നു മഹാലക്ഷ്മിയെന്ന് കഴിഞ്ഞദിവസം വ്യക്തമായിരുന്നു
മഹാലക്ഷ്മിയുടെ പിന്നിലാര് ? സാമ്പത്തിക സ്രോതസ്സ് എവിടെ നിന്ന് ? സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം : മന്ത്രി എ കെ ശശീന്ദ്രനെതിരെ ഫോണ്‍കെണികേസില്‍ സ്വകാര്യ ഹര്‍ജി നല്‍കിയ പരാതിക്കാരി മഹാലക്ഷ്മിയുടെ പിന്നിലാരെന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. ഇതിനിടെ സംഭവത്തെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. മഹാലക്ഷ്മിയുടെ പിന്നിലാര് ? കോടതികളില്‍ മാറി മാറി പരാതി നല്‍കാനും പ്രമുഖ അഭിഭാഷകരെ കൊണ്ടുവരാനുമുള്ള സാമ്പത്തിക സ്രോതസ്സ് എന്ത് ? തുടങ്ങിയ കാര്യങ്ങളെല്ലാം സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. 

പരാതിക്കാരിയായ മഹാലക്ഷ്മിയുടെ സാമ്പത്തിക സ്രോതസ്സ് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രദീപ് പാറപ്പുറം നേരത്തെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. മഹാലക്ഷ്മിക്ക് പിന്നില്‍ തോമസ് ചാണ്ടി വിഭാഗമാണെന്നാണ് ശശീന്ദ്രപക്ഷത്തിന്റെ സംശയം. തോമസ് ചാണ്ടിയുടെ പിഎ ശ്രീകുമാറിന്റെ വീട്ടുജോലിക്കാരിയായിരുന്നു മഹാലക്ഷ്മിയെന്ന് കഴിഞ്ഞദിവസം വ്യക്തമായിരുന്നു. 

മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ബിവി ശ്രീകുമാര്‍, തോമസ് ചാണ്ടി മന്ത്രിയായപ്പോള്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. തുടര്‍ന്ന് മന്്തരിസ്ഥാനം ഒഴിഞ്ഞപ്പോള്‍ പി എ ആയി തോമസ് ചാണ്ടിക്കൊപ്പം തുടരുകയാണ്. അതേസമയം ഹര്‍ജിയുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ശ്രീകുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

തനിക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് ആരെങ്കിലും ഗൂഢാലോചന നടത്തിയതായി വിശ്വസിക്കുന്നില്ലെന്നും, അത്തരത്തില്‍ ഒന്ന് നടന്നിട്ടുണ്ടെങ്കില്‍ പാര്‍ട്ടി നേതൃത്വം അക്കാര്യം പരിശോധിക്കണമെന്നും ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ഗതാഗത മന്ത്രിക്കെതിരായ പരാതിയില്‍ അതേ വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീകുമാറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍, വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. 

ഫോണ്‍കെണികേസില്‍ വിധി പറയാന്‍ നിശ്ചയിച്ച ദിവസമാണ്, കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി തിരുവനന്തപുരം സിജെഎം കോടതിയില്‍ സ്വകാര്യ ഹര്‍ജി നല്‍കിയത്. ഭയം മൂലമാണ് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ശശീന്ദ്രന് അനുകൂലമായി മൊഴിമാറ്റിയതെന്നായിരുന്നു ഹര്‍ജിയില്‍ മഹാലക്ഷ്മി ആരോപിച്ചത്. എന്നാല്‍ കോടതി ഹര്‍ജി തള്ളി ശശീന്ദ്രനെ കുറ്റവിമുക്തനാക്കി. ഈ തീരുമാനത്തിനെതിരെ മഹാലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൈക്കോടതി ഈ ഹര്‍ജി ഈ മാസം 15 ന് പരിഗണിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com