'കണ്ണടയ്ക്ക് പരമാവധി ചെലവഴിക്കാവുന്നത് പതിനായിരം രൂപ' ; ജെയിംസ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ കാലതാമസം സമവായത്തിന് വേണ്ടിയെന്ന് സര്‍ക്കാര്‍

ജസ്റ്റിസ് ജെ എം ജെയിംസ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആറുമാസമായിട്ടും ഇതുവരെ സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല
'കണ്ണടയ്ക്ക് പരമാവധി ചെലവഴിക്കാവുന്നത് പതിനായിരം രൂപ' ; ജെയിംസ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ കാലതാമസം സമവായത്തിന് വേണ്ടിയെന്ന് സര്‍ക്കാര്‍


തിരുവനന്തപുരം : നിയമസഭാ സാമാജികര്‍ക്ക് ചികില്‍സാ ചെലവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ജസ്റ്റിസ് ജെ എം ജെയിംസ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെ സര്‍ക്കാര്‍. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആറുമാസമായിട്ടും ഇതുവരെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിച്ചിട്ടില്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ 2017 ഓഗസ്റ്റിലാണ് കര്‍ശന നിബന്ധനകളുള്ള 92 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. 

ജെയിംസ് കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു നിയമസഭാ സാമാജികന് കണ്ണടയ്ക്കായി പരമാവധി പതിനായിരം രൂപ വരെ ചെലവഴിക്കാം. അഞ്ചു വര്‍ഷത്തിനിടെ ഒരു തവണ കണ്ണട മാറ്റി വാങ്ങാം. എംഎല്‍എമാര്‍ക്ക് ഒപിയില്‍ ചികില്‍സയ്ക്കായി പരമാവധി അറുപതിനായിരം രൂപ വരെ ചെലവഴിക്കാം. അതേസമയം കിടത്തി ചികില്‍സ ആവശ്യമായി വന്നാല്‍ അതിന്റെ ചെലവ് റീ-ഇംപേഴ്‌സ്‌മെന്റായി നല്‍കാതെ, മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. 

മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കുമ്പോള്‍ എംഎല്‍എമാര്‍ തോന്നുംപടി ബില്ലുകല്‍ ഹാജരാക്കി പണം കൈപ്പറ്റുന്ന രീതി അവസാനിക്കും. ഇന്‍ഷുറന്‍സ് കമ്പനികള്‍ അതത് ബില്ലുകള്‍ കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ പണം നല്‍കുകയുള്ളൂ. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഖജനാവിന് ഇതായിരിക്കും ലാഭകരമെന്ന് ജെയിംസ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. 

എംഎല്‍എമാര്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഏതാനും ഇന്‍ഷൂറന്‍സ് കമ്പനികളുമായി ജെയിംസ് കമ്മീഷന്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ വരാത്ത രോഗങ്ങള്‍ക്ക് പരമാവധി അറുപതിനായിരം രൂപ വരെ അനുവദിക്കാമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ ഈ ശുപാര്‍ശയിന്മേല്‍ സര്‍ക്കാര്‍ ഇതുവരെ യാതൊരു തുടര്‍നടപടികളും കൈക്കൊണ്ടിട്ടില്ല. 

സമവായം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ജെയിംസ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടായതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ എംഎല്‍എമാര്‍ക്ക് മാത്രം ബാധകമായ ശുപാര്‍ശയില്‍ ഇനി എന്ത് സമവായമാണ് വേണ്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുമില്ല. ജെയിംസ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ തോന്നുംപടി പണം കൈപ്പറ്റാന്‍ കഴിയില്ല എന്നതാണ് ശുപാര്‍ശ നടപ്പാക്കാത്തതിന് കാരണമെന്നാണ് വിമര്‍ശനം ഉയരുന്നത്. മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും എതിരെ ചികില്‍സാ ചെലവ് വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ജെയിംസ് കമ്മീഷന്‍ ശുപാര്‍ശ വീണ്ടും ചര്‍ച്ചയായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com