മൂത്രമൊഴിക്കാന്‍ ടോയ്‌ലറ്റില്‍ കയറുന്നതിന് മുന്‍പ് വരെ പല തവണ ചിന്തിക്കേണ്ടി വരുന്ന ഗതികേട്: ഷിംന അസീസിന്റെ മറുപടി

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സദാചാര ആക്രോശങ്ങള്‍ക്കുള്ള മറുപടിയുമായി ഡോക്ടര്‍ ഷിംന അസീസ് രംഗത്തെത്തിയിരിക്കുകയാണ്.  
മൂത്രമൊഴിക്കാന്‍ ടോയ്‌ലറ്റില്‍ കയറുന്നതിന് മുന്‍പ് വരെ പല തവണ ചിന്തിക്കേണ്ടി വരുന്ന ഗതികേട്: ഷിംന അസീസിന്റെ മറുപടി

നിരവധി ബോധവല്‍ക്കരണങ്ങള്‍ ഉണ്ടായിട്ടും മലയാളിക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോടുള്ള അവഞ്ജയും ദേഷ്യവും ഒരു മാറുന്നില്ല. കഴിഞ്ഞ ദിവസം   തിരുവനന്തപുരം വലിയതുറയില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്ക് നേരെ നാട്ടുകാരുടെ ക്രൂരമായി മര്‍ദിച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വേഷം മാറിവന്ന ആളെന്നാരോപിച്ചായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോയും ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സദാചാര ആക്രോശങ്ങള്‍ക്കുള്ള മറുപടിയുമായി ഡോക്ടര്‍ ഷിംന അസീസ് രംഗത്തെത്തിയിരിക്കുകയാണ്.  ഫേസ്ബുക്കിലൂടെയാണ് ഷിംനയുടെ പ്രതികരണം. വീടിന് പുറത്ത് വെച്ച് മൂത്രമൊഴിക്കാന്‍ ടോയ്‌ലറ്റില്‍ കയറുന്നതിന് മുന്‍പ് പല തവണ ചിന്തിക്കേണ്ടി വരുന്ന പൂര്‍ണ ആരോഗ്യമുള്ള ഒരാള്‍. പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ളതില്‍ കയറിയാല്‍ മനസാക്ഷിയെ വഞ്ചിക്കണം, സ്ത്രീകളുടേതില്‍ കയറിയാല്‍ തല്ല് കൊള്ളണം. രണ്ടായാലും പീഡനം- ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെക്കുറിച്ച് ഷിംന എഴുതി.

അവര്‍ക്ക് ആര്‍ത്തവമുണ്ടോ, രതിമൂര്‍ച്ഛ ഉണ്ടോ, അവരുടെ സ്വകാര്യ അവയവം എങ്ങനെയിരിക്കും, ലിംഗമാറ്റശസ്ത്രക്രിയയുടെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം തിരക്കാനും പറഞ്ഞ് ചിരിക്കാനും നമുക്ക് ഉത്‌സാഹം കൂടുതലാണ്. സിനിമയിലും മറ്റും ഇവരെ അവഹേളിക്കുന്ന രംഗങ്ങള്‍ക്ക് കയ്യും കണക്കുമില്ല. എന്നാല്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറിനോടൊപ്പം ഇരിക്കാനോ അവര്‍ക്ക് ജോലിസ്ഥലത്ത് നേരിടുന്ന വിവേചനത്തിനെതിരെ സംസാരിക്കാനോ അവരെ യാതൊരു കാര്യവുമില്ലാതെ ശാരീരികമായി കൈയ്യേറ്റം ചെയ്യുന്നതിനെതിരെ ശബ്ദിക്കാനോ നമ്മളില്‍ ഭൂരിഭാഗവുമില്ല- ഷിംന അസീസ് കൂട്ടിച്ചേര്‍ത്തു.

ഡോക്ടര്‍ ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സെക്കൻഡ്‌ ഒപീനിയൻ - 012

വീടിന്‌ പുറത്ത്‌ വെച്ച്‌ മൂത്രമൊഴിക്കാൻ ടോയ്‌ലറ്റിൽ കയറുന്നതിന്‌ മുൻപ്‌ പല തവണ ചിന്തിക്കേണ്ടി വരുന്ന പൂർണ ആരോഗ്യമുള്ള ഒരാൾ. പുരുഷൻമാർക്ക്‌ വേണ്ടിയുള്ളതിൽ കയറിയാൽ മനസാക്ഷിയെ വഞ്ചിക്കണം, സ്‌ത്രീകളുടേതിൽ കയറിയാൽ തല്ല്‌ കൊള്ളണം. രണ്ടായാലും പീഡനം. വീട്ടിലിരുന്നാൽ കുടുംബത്തിന്റെ പേര്‌ കളയാൻ ജനിച്ചു എന്ന മട്ടിൽ ശാപവാക്കുകൾ, ഭ്രാന്തിനുള്ള ചികിത്സ, ശാരീരികപീഡനം വരെ എത്തുന്ന ദുരവസ്‌ഥ. നമുക്കു ചുറ്റും നിശ്ശബ്ദം ഇവരെല്ലാം അനുഭവിക്കുന്ന വേദനകൾ ചെറുതല്ല. ട്രാൻസ്ജെൻഡറുകൾക്കും ഇന്റർസെക്സുകൾക്കും ഇടയിൽ അവരോട്‌ ചേർന്ന്‌ നിന്ന്‌ കൊണ്ടാണിന്നത്തെ #SecondOpinion നിങ്ങളോട്‌ സംസാരിക്കുന്നത്‌.

പുരുഷൻ, സ്ത്രീ എന്നീ രണ്ട് നിർവചനങ്ങൾക്കുള്ളിൽ വരാത്ത ഒരുപാട് ആളുകൾ ഈ ലോകത്തുണ്ട്. ഇവർ പുരുഷനു സ്ത്രീയും കലർന്നവരാവാം, പുരുഷന്റെയും സ്ത്രീയുടെയും ഒരു സൂചനകളും ഇല്ലാത്തവരാവാം, പുരുഷ-സ്ത്രീ സ്വഭാവങ്ങൾക്കിടയിലൂടെ തുടർച്ചയായ ചാഞ്ചാട്ടം സംഭവിച്ചുകൊണ്ടിരിക്കുന്നവരാവാം. ഇങ്ങനെ ഒരുപാട് തരത്തിലുള്ളവരുണ്ടെങ്കിലും പൊതുവെ ട്രാൻസ്ജെൻഡറുകളെയും ഇന്റർസെക്സുകളെയും ആണ് ഇവരിൽ നമുക്കേറേ പരിചയമുള്ളത്.

ജനിക്കുമ്പോൾ ഉള്ള ലിംഗാവസ്ഥയോട് മാനസികമായി പൊരുത്തപ്പെടാൻ പറ്റാത്തവരാണ് ട്രാൻസ്ജെൻഡറുകൾ. പുരുഷന്റെ ശരീരത്തിൽ സ്‌ത്രീയുടെ മനസ്സുമായും, അതുപോലെ സ്ത്രീയുടെ ശരീരത്തിൽ പുരുഷന്റെ മനസ്സുമായും ജീവിക്കുന്ന വ്യക്‌തികളാണിവർ. ഒപ്പം ഇത് രണ്ടുമല്ലാതെ മൂന്നാംലിംഗം ആയി ജീവിക്കുന്നവരുമുണ്ട്. നമ്മൾക്ക്‌ പ്രകൃതി തന്ന ഔദാര്യം മാത്രമാണ്‌ നമ്മുടെ ജെൻഡർ. അത്തരത്തിലൊന്നാണ്‌ ആത്മാവ്‌ കൊണ്ട്‌ മറ്റൊരു ജെൻഡറായി ശരീരത്തെ മനസ്സോട്‌ ചേർക്കാനാകാത്ത ട്രാൻസ്‌ജെൻഡറും. അവർ ഒരു യാഥാർഥ്യമാണ്‌.

ക്രോമസോം വ്യതിയാനം കൊണ്ട്‌ പുരുഷൻ (XY) അല്ലെങ്കിൽ സ്‌ത്രീ(XX) ആയി ജനിക്കാതെ പകരം XXY അല്ലെങ്കിൽ XYY, അതുമല്ലെങ്കിൽ അതു പോലുള്ള മറ്റു ക്രോമസോമുകളുമായി ജനിക്കുന്നവരാണ് 'ഇന്റർസെക്സ്' എന്നറിയപ്പെടുന്നത്. ഇവരുടെ ശരീരഘടന പുരുഷന്റെയോ സ്ത്രീയുടെയോ സാധാരണ പ്രത്യുൽപ്പാദന അവയവ ഘടനയിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കും. ഇത് പുറം കാഴ്ചയിൽ നിന്ന് വിപരീതമായ ശരീരഘടനയാവാം, ഒന്നിലധികം ഘടനകൾ കൂടിച്ചേർന്നതുമാവാം.

പലരും കരുതും പോലെ ട്രാൻസ്‌ജെന്ററോ ഇന്റർസെക്സോ ആവുക എന്നത്‌ ഒരു ചോയ്സ് അല്ല. അതൊരിക്കലും 'തല്ല്‌ കൊള്ളേണ്ട സൂക്കേടുമല്ല'. ഞാൻ സ്‌ത്രീയായി ജനിച്ചത്‌ എന്റെ തീരുമാനമല്ല, നിങ്ങൾ സ്‌ത്രീയോ പുരുഷനോ ട്രാൻസ്‌ജെൻഡറോ ഇന്റർസെക്‌സോ ആകുന്നത്‌ നിങ്ങളുടെ തീരുമാനവുമല്ല. അതൊരു മാനസികമോ ശാരീരികമോ ആയ നിലയാണ്‌. തിരുത്തലില്ലാത്ത പ്രകൃതിയുടെ തീരുമാനമാണ്‌. അവരെ ഉൾക്കൊള്ളാത്തിടത്തോളം അഭിമാനകരമായ സ്വന്തം സ്‌ത്രീത്വത്തെ കുറിച്ചോ പൗരുഷത്തിന്റെ ഔന്നത്യത്തെ കുറിച്ചോ ഒക്കെ വാചാലരാകാൻ അതിന്‌ വേണ്ടി യാതൊന്നും ചെയ്‌തിട്ടില്ലാത്ത നമുക്കവകാശമില്ല.

അവർക്ക്‌ ആർത്തവമുണ്ടോ, രതിമൂർച്ഛ ഉണ്ടോ, അവരുടെ സ്വകാര്യ അവയവം എങ്ങനെയിരിക്കും, ലിംഗമാറ്റശസ്ത്രക്രിയയുടെ വിശദാംശങ്ങൾ തുടങ്ങിയവയെല്ലാം തിരക്കാനും പറഞ്ഞ്‌ ചിരിക്കാനും നമുക്ക്‌ ഉത്‌സാഹം കൂടുതലാണ്‌. സിനിമയിലും മറ്റും ഇവരെ അവഹേളിക്കുന്ന രംഗങ്ങൾക്ക് കയ്യും കണക്കുമില്ല. എന്നാൽ ഒരു ട്രാൻസ്‌ജെൻഡറിനോടൊപ്പം ഇരിക്കാനോ അവർക്ക്‌ ജോലിസ്‌ഥലത്ത്‌ നേരിടുന്ന വിവേചനത്തിനെതിരെ സംസാരിക്കാനോ അവരെ യാതൊരു കാര്യവുമില്ലാതെ ശാരീരികമായി കൈയ്യേറ്റം ചെയ്യുന്നതിനെതിരെ ശബ്‌ദിക്കാനോ നമ്മളിൽ ഭൂരിഭാഗവുമില്ല.

ഈ അവസ്ഥ മാറിയേ മതിയാവൂ. ഇവരെന്തെന്ന് മനസ്സിലാക്കാനും ഇവരെയെല്ലാം നമ്മിലൊരാളായി കാണാനും നമ്മൾ തയ്യാറായേ തീരൂ. ട്രാൻസ്ജെൻഡറുകളെയും ഇന്റർസെക്സുകളെയും പൂർണ്ണമായും മനസ്സിലാക്കുന്നുവെന്നും, അവരുടെ കൂടെയാണ് ഞാനെന്നും ഉറക്കെ പ്രഖ്യാപിക്കാൻ കൂടി ഞാനിന്നത്തെ സെക്കൻഡ് ഒപ്പീനിയൻ ഉപയോഗിക്കുകയാണ്. ഒത്തിരി സ്നേഹം, ഐക്യദാർഢ്യം...

.
വാൽക്കഷ്ണം : ജോലിസ്‌ഥലത്തും പൊതുഗതാഗതം ഉപയോഗിക്കുന്നിടത്തും ചടങ്ങുകളിലും എന്ന്‌ വേണ്ട സകലയിടത്തും ഇവർക്ക് വിവേചനം അനുഭവിക്കേണ്ടി വരുന്നു. അവർ പെണ്ണാകുന്നതോ ആണാകുന്നതോ അനാശ്യാസത്തിനു വേണ്ടിയുള്ള മറയാണെന്ന്‌ ആരോപിക്കുന്നു, അതിക്രമിക്കുന്നു! അരുത്‌. ആണും പെണ്ണുമാകുന്നത്‌ യോഗ്യതയല്ല. ട്രാൻസ്‌ജെൻഡറോ ഇന്റർസെക്‌സോ ആകുന്നത് അയോഗ്യതയുമല്ല. വിശപ്പും ദാഹവുമുള്ള പച്ചമനുഷ്യരെ അങ്ങനെ തന്നെ കാണാൻ പഠിക്കുക. അവരെ ഒറ്റപ്പെടുത്തുന്നതിന്‌ ഒരേയൊരു പേരേയുള്ളൂ- മനുഷ്യാവകാശലംഘനം. നമുക്കു ചുറ്റുമുള്ള ഭൂരിഭാഗവും ആണോ പെണ്ണോ ആയത് പോലെത്തന്നെയാണ് ഇവർ ട്രാൻസ്ജെൻഡറുകളും ഇന്റർസെക്സും ഒക്കെ ആയത്. ഇത് മനസ്സിലാക്കുക ഇവരുടെ കൂടെ നിൽക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com