സാമ്പത്തിക തട്ടിപ്പ് കേസില്‍ വാര്‍ത്താവിലക്ക് നീക്കി; വിലക്ക് ഭരണഘടനാ വിരുദ്ധമെന്ന് കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2018 03:24 PM |
Last Updated: 06th February 2018 03:27 PM | A+A A- |

കൊച്ചി: ചവറ എംഎല്‍എ വിജയന്‍പിളളയുടെ മകന്‍ ശ്രീജിത്ത് വിജയന്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ മാധ്യമവിലക്കിന് ഹൈക്കോടതി സ്റ്റേ. ശ്രീജിത്ത് വിജയനെതിരെ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യരുതെന്ന കരുനാഗപ്പളളി സബ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് ബിസിനസ്സ് പാര്‍ട്ട്ണര്‍ രാഹുല്‍ കൃഷ്ണയ്ക്കും ശ്രീജിത്തിനും ഹൈക്കോടതി നോട്ടീസ് അയക്കും.
സിപിഎം സം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കൊപ്പം സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന ശ്രീജിത്ത് വിജയനെ സംബന്ധിച്ച വാര്‍ത്തകളാണ് കരുനാഗപ്പളളി സബ് കോടതി വിലക്കിയത്. ശ്രീജിത്ത് വിജയന്റെ പരാതിയിലാണ് നടപടി. ഇതോടെ, ഇരുവര്‍ക്കുമെതിരെ ആരോപണം ഉന്നയിച്ച യുഎഇ പൗരന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി വാര്‍ത്താസമ്മേളനം റദ്ദാക്കിയിരുന്നു.
ചവറ ഇടത് എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകനായ ശ്രീജിത്തിന്റെ പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബിനും മാധ്യമങ്ങള്‍ക്കും കരുനാഗപ്പള്ളി സബ് ജഡ്ജി എ.എം.ബഷീറാണ് വാര്‍ത്ത വിലക്കിക്കൊണ്ടുള്ള നോട്ടിസ് അയച്ചത്. പ്രസ് ക്ലബിനു മുന്നില്‍ പകര്‍പ്പും പതിച്ചു. തങ്ങളായി റദ്ദാക്കില്ലെന്ന് പ്രസ് ക്ലബ് നിലപാടെടുത്തെങ്കിലും വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചതായി രാത്രിയോടെ മര്‍സൂഖിയുടെ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു.
ബിനോയ് കോടിയേരിക്കെതിരെ 13 കോടി രൂപയുടെയും ശ്രീജിത്ത് വിജയനെതിരെ 10 കോടിയുടെയും തട്ടിപ്പാണ് മര്‍സൂഖി ഉന്നയിച്ചത്. ബിനോയിക്കെതിരായ പണമിടപാടുകേസില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചു മര്‍സൂഖി സിപിഎം പൊളിറ്റ് ബ്യൂറോയെ സമീപിച്ചിരുന്നു. ഇതു സംസ്ഥാന നേതൃത്വം ആദ്യം നിഷേധിക്കുകയും മാധ്യമ ഗൂഢാലോചന ആരോപിക്കുകയും ചെയ്‌തെങ്കിലും പരാതി കിട്ടിയ കാര്യം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു.