''ആദ്യം അമ്പലക്കമ്മിറ്റിക്കാരോടു സംസാരിക്കണം, എന്നിട്ടു മതി ദലിതരോട്'' വടയമ്പാടിയില്‍ എക്‌സ്പ്രസ് വാര്‍ത്താ സംഘത്തോട് പൊലീസ് പറഞ്ഞത്

''ആദ്യം അമ്പലക്കമ്മിറ്റിക്കാരോടു സംസാരിക്കണം, എന്നിട്ടു മതി ദലിതരോട്'' വടയമ്പാടിയില്‍ എക്‌സ്പ്രസ് വാര്‍ത്താ സംഘത്തോട് പൊലീസ് പറഞ്ഞത്
''ആദ്യം അമ്പലക്കമ്മിറ്റിക്കാരോടു സംസാരിക്കണം, എന്നിട്ടു മതി ദലിതരോട്'' വടയമ്പാടിയില്‍ എക്‌സ്പ്രസ് വാര്‍ത്താ സംഘത്തോട് പൊലീസ് പറഞ്ഞത്

കൊച്ചി: വടയമ്പാടിയില്‍ ജാതിമതില്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘത്തെ തടഞ്ഞപ്പോള്‍ സ്ഥലത്തേക്ക് ആദ്യമെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ സ്വീകരിച്ചത് ക്ഷേത്ര കമ്മിറ്റിക്ക് അനുകൂലമായ നിലപാട്. എക്‌സ്പ്രസ് ലേഖികയെും ഫോട്ടോഗ്രാഫറെയും തടഞ്ഞുവച്ച് അധിക്ഷേപിച്ചവരെ പിന്തുണച്ചുകൊണ്ടാണ് ആദ്യമെത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ സംസാരിച്ചത്.

ദലിത് പ്രവര്‍ത്തകര്‍ക്കും പ്രദേശവാസികള്‍ക്കും പറയാനുള്ളത് കേട്ട ശേഷമാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ഐഎസ് ഗോപികയും ഫൊട്ടോഗ്രാഫര്‍ കെ ഷിജിത്തും ക്ഷേത്രപരിസരത്തേക്കു നീങ്ങിയത്. വടയമ്പാടി ഭജനമഠം ദേവീക്ഷേത്ര ഭാരവാഹികള്‍ക്കു പറയാനുള്ളതു കൂടി മനസിലാക്കുകയായിരുന്നു ലക്ഷ്യം. അപ്പോഴാണ് ക്ഷേത്ര ഭാരവാഹികളെന്ന് അവകാശപ്പെട്ടവര്‍ വന്ന് വാര്‍്ത്താ സംഘത്തെ തടഞ്ഞതും അധിക്ഷേപിച്ചതും.

''മറ്റുള്ളവരോടു സംസാരിക്കുംമുമ്പ് നിങ്ങള്‍ ക്ഷേത്ര ഭാരവാഹികളെ വിളിക്കണമായിരുന്നു, അല്ലെങ്കില്‍ സ്‌റ്റേഷനില്‍ ബന്ധപ്പെടണമായിരുന്നു'' എന്നാണ് ആദ്യം സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ സംഘത്തോടു പറഞ്ഞത്. വാര്‍ത്ത ശേഖരിക്കാനെത്തിയവരെ തടഞ്ഞുവയ്ക്കുകയും അധിക്ഷേപിച്ചു സംസാരിക്കുകയും ചെയ്തവരെ പിന്തുണയ്ക്കുന്ന വിധത്തിലായിരുന്നു ഈ ഉദ്യോഗസ്ഥരുടെ പെരുമാറ്റം.

വന്നപോലെ തിരിച്ചുപോവില്ല എന്നു ഭീഷണിപ്പെടുത്തിയാണ് ക്ഷേത്ര ഭാരവാഹികള്‍ എക്‌സ്പ്രസ് വാര്‍ത്താ സംഘത്തെ തടഞ്ഞുവച്ചത്. ഇവര്‍ ആരാണെന്നു വെളപ്പെടുത്തുക പോലും ചെയ്യാതെ ഗോപികയെയും ഷിജിത്തിനെയും തടയുകയായിരുന്നു. ഇവര്‍ ആവശ്യപ്പെട്ട പ്രകാരം ഐഡന്റിറ്റി കാര്‍ഡ് കാണിച്ചിട്ടും അധിക്ഷേപത്തിനു കുറവുണ്ടായില്ല. 

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പിന്നീട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാജന്‍ സേവ്യര്‍ വാര്‍ത്താ സംഘത്തിന് ഉറപ്പുനല്‍കി. സംഘടനയിലെ അംഗങ്ങളുടെയും ക്ഷേത്ര കമ്മിറ്റിയുടെയും പെരുമാറ്റത്തില്‍ എന്‍എസ്എസ് ഖേദപ്രകടനം നടത്തി. എന്‍എസ്എസ് കുന്നത്തുനാട് യൂണിയന്‍ പ്രസിഡന്റ് എക്‌സ്പ്രസ് ഓഫിസില്‍ വിളിച്ചാണ് ഖേദം അറിയിച്ചത്. വടയമ്പാടി പ്രശ്‌നം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്ത ചാനല്‍ ലേഖികയാണെന്ന് ക്ഷേത്രഭാരവാഹികള്‍ ഗോപികയെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രമേശന്‍ പറഞ്ഞു. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടായതെന്നും ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അനില്‍ കുമാറിനെയും അംഗം ശിവന്‍ കുട്ടിയെയും ശാസിച്ചതായും രമേശന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com