ഇങ്ങനെയാണോ താങ്കളുടെ മിനിസ്ട്രി ചലച്ചിത്രോന്നമനം നടത്തുന്നത്? എകെ ബാലന് സംവിധായകന്റെ തുറന്ന കത്ത്

എന്റെ സിനിമയ്ക്ക് എതിരെയുള്ള കേന്ദ്രഗവണ്മെന്റിന്റെ ഫാസിസ്റ്റ്നടപടികള്‍ക്കെതിരെ വാചാലമാകുന്ന അങ്ങയുടെ കീഴിലുള്ള മന്ത്രാലയം എന്റെ സിനിമയോട് ചെയ്യുന്ന നിയമപരമായും ധാര്‍മികമായുമുള്ള അനീതിയെ എന്തുവിളിക്കും
ഇങ്ങനെയാണോ താങ്കളുടെ മിനിസ്ട്രി ചലച്ചിത്രോന്നമനം നടത്തുന്നത്? എകെ ബാലന് സംവിധായകന്റെ തുറന്ന കത്ത്

കൊച്ചി: സനല്‍ കുമാര്‍ ശശിധരന്റെ പുതിയ ചിത്രം ഉന്മാദിയുടെ മരണവും എന്ന ചിത്രവുമായി ബന്ധപ്പെട്ട് കെഎസ്എഫ്ഡിസിയുടെ നിലപാടിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സാംസ്‌കാരിക മന്ത്രി എകെ ബാലന് തുറന്ന കത്തെഴുതിയാണ് സനല്‍കുമാര്‍ ശശിധരന്‍  തന്റെ നിലപാട് വ്യക്തമാക്കിയത്. 

എന്റെ ഇതുവരെയുള്ള എല്ലാ ചിത്രങ്ങളും എന്നപോലെ നിര്‍മാണത്തിലിരിക്കുന്ന പുതിയ ചിത്രം 'ഉന്മാദിയുടെ മരണവും' KSFDC യുടെ സബ്‌സിഡി പദ്ധതിയായ ചിന്ത്രാഞ്ജലി പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിനായി രണ്ടുലക്ഷം രൂപ അഡ്വാന്‍സ് അടയ്ക്കുകയും കരാര്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ ഒറിജിനല്‍ ഷോട്ടുകള്‍ മുഴുവന്‍ ഡിപിഎക്‌സ് എന്ന ഫോര്‍മാറ്റിലേക്ക് മാറ്റിക്കൊടുത്താല്‍ മാത്രമേ കളര്‍ കറക്ഷന്‍ ചെയ്യാന്‍ സാധ്യമാകൂ എന്ന് സ്റ്റുഡിയോയിലെ ബന്ധപ്പെട്ടവര്‍ പറഞ്ഞു. തെറ്റായ കീഴ്വഴക്കവും വര്‍ക്ക് ഫ്‌ലോയുമാണത്. ഇത് ഞാന്‍ എതിര്‍ത്തതോടെ എന്റെ സിനിമയ്‌ക്കെതിരെ ശത്രുതാപരമായ നടപടികള്‍ ഉണ്ടാവുകയാണ്. ലെനിന്‍ രാജേന്ദ്രന്‍ ഇടപെട്ടതിനെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് കരുതിയതെങ്കിലും എന്നാല്‍ ഒരു ഇഞ്ച് വലിപ്പമുള്ള സെന്‌സര്‍ ഉള്ള ക്യാമറയിലല്ല ഷൂട്ട് ചെയ്തത് എന്ന കാരണം കൊണ്ട് എന്റെ സിനിമ സബ്‌സിഡിക്ക് അര്‍ഹമല്ലെന്ന് അറിയിക്കുകയായിരുന്നെന്നും സനല്‍കുമാര്‍ കത്തില്‍ പറയുന്നു.

എന്റെ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് 1 ഇഞ്ച് വലുപ്പമുള്ള സെന്‍സറുള്ള ക്യാമറയിലല്ല എന്നും എനിക്ക് സബ്‌സിഡി നല്‍കാന്‍ ശുപാര്‍ശചെയ്യാന്‍ സാധ്യമല്ലെന്നും. ഇതുവരെ ചെലവായ തുക എത്രയും വേഗം അടച്ചുതീര്‍ക്കണം എന്നുമാണ് ആവശ്യം. എന്റെ സിനിമ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത് സോണിയുടെ അ7ട2 എന്ന ക്യാമറയിലാണ്, കുറേയേറെ ആപ്പിള്‍ ഐഫോണിലും ചിലഭാഗങ്ങള്‍ മറ്റു ചിലഫോമാറ്റുകളിലും ഉണ്ട്. ടെലിവിഷന്‍ ഫൂട്ടേജസ് ഉപയോഗിച്ചിട്ടുണ്ട്. എന്ത് മാനദണ്ഡത്തിലാണ് എന്റെ സിനിമയ്ക്ക് സബ്‌സിഡി നല്‍കാന്‍ സാധിക്കില്ല എന്ന് പറയുന്നതെന്ന് അറിയില്ല.

ഏറ്റവും നിരാശയുണ്ടാക്കിയ സംഭവം ഇതേ സംബന്ധിച്ച പരാതിയുമായി ഞാന്‍ താങ്കളെ കാണാന്‍ താങ്കളുടെ വസതിയില്‍ എത്തിയപ്പോള്‍ ഉണ്ടായതാണ്. എന്നെ ഒന്ന് കാണാനോ പരാതി കേള്‍ക്കാനോ താങ്കള്‍ കൂട്ടാക്കിയില്ല എന്നത് ഒരു പരിഭവമോ നിരാശയോ മാത്രമല്ല ചുവടെയുള്ള കുറിപ്പ് എഴുതിയ വ്യക്തിയുടെ ആത്മാര്‍ത്ഥതയിലുള്ള സംശയം കൂടി എന്നിലുണ്ടാക്കി. ഇങ്ങനെയാണോ താങ്കളുടെ മിനിസ്ട്രി ചലച്ചിത്രോന്നമനം നടത്തുന്നത്? എനിക്കറിയില്ല! എന്തുതന്നെ ആയിക്കോട്ടെ. അങ്ങയുടെ കീഴിലുള്ള കെഎസെഫ് ഡിസി എന്റെ സിനിമയ്ക്ക് സബ്‌സിഡി നല്‍കാന്‍ കഴിയില്ല എന്ന നിലയില്‍ എടുത്ത തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ല എന്ന് ബോധിപ്പിച്ചുകൊള്ളട്ടെ. എനിക്ക് കോടതിയില്‍ പോവുകയോ ഈ തീരുമാനത്തിനെതിരെയും കേസ് കൊടുക്കുകയോ ഒക്കെ ചെയ്യാം. മുഴുവന്‍ സമയ സിനിമാപ്രവര്‍ത്തകനാവുന്നതിനായി അഭിഭാഷകജോലി ഉപേക്ഷിച്ച ആളാണ് ഞാന്‍. ഇപ്പോള്‍ ഞാനെടുക്കുന്ന സിനിമകള്‍ക്ക് വേണ്ടി കോടതികളില്‍ നിന്നും കോടതികള്‍ തോറും അനാവശ്യമായി വ്യവസ്ഥകള്‍ വലിച്ചിഴക്കുകയാണ്. എന്റെ സിനിമയ്ക്ക് എതിരെയുള്ള കേന്ദ്രഗവണ്മെന്റിന്റെ 'ഫാസിസ്റ്റ്' നടപടികള്‍ക്കെതിരെ പൊതുവേദികളില്‍ വാചാലമാകുന്ന അങ്ങയുടെ കീഴിലുള്ള മന്ത്രാലയം എന്റെ സിനിമയോട് ചെയ്യുന്ന നിയമപരമായും ധാര്‍മികമായുമുള്ള അനീതിയെ എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്കറിയില്ല. ഇത് അനീതിയാണ്. ഒരു വ്യക്തിക്ക് നേരെയുള്ളതല്ല. സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്ക് നേരെയുള്ള അനീതി. തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുതായും നിരാശയോടെ സാംസ്‌കാരിക മന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

ഞാന്‍ ഒരു എളിയ സിനിമാ പ്രവര്‍ത്തകനാണ്. സിനിമാ സംഘടനകളിലോ രാഷ്ട്രീയ പാര്‍ട്ടികളിലോ അംഗത്വമില്ല. ശരിയെന്നു തോന്നുന്നതിന് കയ്യടിക്കുകയും തെറ്റെന്ന് തോന്നുന്നതിനെ വിമര്‍ശിക്കുകയും ചെയ്യുന്ന ഒരു സാധാരണ പൌരന്‍. കോടികള്‍ മുടക്കി താരങ്ങളെ നിരത്തിയുള്ള സിനിമകളല്ല ഞാന്‍ ചെയ്യുന്നത്. പത്തും പതിനഞ്ചും ഏറിയാല്‍ ഇരുപതും ലക്ഷം രൂപയാണ് എന്റെ സിനിമകളുടെ ബജറ്റ്. പക്ഷെ രണ്ടുതവണ കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയിട്ടുണ്ടെന്നും സനല്‍കുമാര്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com